തൃശൂർ: കഞ്ചാവ് വില്പനയെപ്പറ്രി എക്സൈസിന് ഒറ്റിക്കൊടുത്തതിന്റെ വൈരാഗ്യത്തിൽ ബൈക്കിൽ പോയ രണ്ടു യുവാക്കളെ പിക്കപ്പ് വാൻ ഇടിച്ചു വീഴ്ത്തിയ ശേഷം ഗുണ്ടാസംഘം വെട്ടിക്കൊന്നു. മുണ്ടൂർ ഉരുളി പാലയിൽ പാവറട്ടിക്കാരൻ വീട്ടിൽ ശ്യാം (24), മുണ്ടത്തിക്കോട് ചൊവ്വല്ലൂർക്കാരൻ വീട്ടിൽ ക്രിസ്റ്റോ (25) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്തുക്കളായ പേരാമംഗലം തടത്തിൽ വീട്ടിൽ പ്രസാദ്, വേലൂർ സ്വദേശി രാജേഷ് എന്നിവർ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. രാജേഷിന്റെ നില ഗുരുതരമാണ്. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും നിരവധി കഞ്ചാവ്, അടിപിടി കേസുകളിൽ പ്രതിയാണെന്നും ഗുണ്ടാപ്പകയാണ് കൊലയ്ക്ക് പിന്നിലെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച അർദ്ധരാത്രി 12.45നായിരുന്നു സംഭവം.
പൊലീസ് പറയുന്നത്: രാജേഷ്, പ്രസാദ്, ക്രിസ്‌റ്റോ, ശ്യാം എന്നിവർ സ്‌കൂട്ടറിലും ബൈക്കിലുമായി രാത്രി എങ്ങോട്ടോ പോകുന്നതിനിടെയായിരുന്നു ആക്രമണം. മുണ്ടൂർ പഞ്ഞമൂലയിൽ മനപ്പടി പാറപ്പുറത്ത് വച്ച് പിക്കപ്പ് വാനിൽ പിന്നാലെയെത്തിയ ആറംഗ സംഘം ആദ്യം ബൈക്കിൽ സഞ്ചരിച്ചിരുന്ന
ക്രിസ്‌റ്റോയെയും ശ്യാമിനെയും ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടി. സ്‌കൂട്ടിയിലുണ്ടായിരുന്ന പ്രസാദും രാജേഷും ആക്രമണം ഭയന്ന് വേഗത്തിൽ വണ്ടിയോടിച്ച് പോയെങ്കിലും സംഘം പിന്തുടർന്നു. രണ്ട് കിലോമീറ്റർ അകലെ
കുരിശ് പള്ളിക്ക് സമീപത്ത് വച്ച് പ്രസാദിനെയും രാജേഷിനെയും ഇടിച്ചിട്ടശേഷം അക്രമികൾ കടന്നു.
സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി രാജേഷിനെയും പ്രസാദിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിലാണ് ക്രിസ്റ്റോയ്ക്കും ശ്യാമിനും വെട്ടേറ്റ കാര്യം അറിഞ്ഞത്. തുടർന്ന് പൊലീസ് അവിടെയെത്തി ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലയുടെ ദൃശ്യങ്ങൾ സി.സി ടിവിയിൽ
പ്രസാദിനെയും രാജേഷിനെയും സംഘം ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇവരെ ക്രൂരമായി മർദ്ദിക്കുന്നുമുണ്ട്. ഡയമണ്ട് സിജോ, അഭിലാഷ്, പ്രിൻസ് എന്നിവരുടെ നേതൃത്വത്തിലുള്ള ആറുപേരാണ് തങ്ങളെ ആക്രമിച്ചതെന്ന് പ്രസാദും രാജേഷും മൊഴിനൽകി. വെട്ടാനുപയോഗിച്ച വാളും സംഭവസ്ഥലത്ത് നിന്നു കണ്ടെത്തി.
ദിവസങ്ങൾക്ക് മുമ്പ് വരടിയത്ത് കഞ്ചാവ് വില്പന നടത്തിയ ഒരു സ്ത്രീയെയും മകനെയും എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. തങ്ങളുടെ സംഘത്തിൽപ്പെട്ടവരെ ഒറ്റിയത് ശ്യാമും ക്രിസ്റ്റോയുമാണെന്ന് പ്രതികൾക്ക് സംശയമുണ്ടായിരുന്നു. കൊല നടന്ന പ്രദേശത്ത് കഞ്ചാവ്, ലഹരി മാഫിയയുടെ വിളയാട്ടം വ്യാപകമാണെന്ന് നാട്ടുകാർ പറഞ്ഞു. ഫോറൻസിക് അസിസ്റ്റന്റ് ഷാലുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.