എരുമപ്പെട്ടി: ഒരുകോടി രൂപ ചെലവഴിച്ച് നവീകരിച്ച കാവലൻ ചിറ കടുത്ത വേനലിൽ വറ്റിവരണ്ടു. കൃഷിക്കും, പരിസരവാസികൾക്ക് ശുദ്ധജല ലഭ്യതയ്ക്കുമായി സഹസ്ര സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരാവിഷ്‌കരിച്ച പദ്ധതിയാണ് ഒരു തുള്ളി വെള്ളം പോലുമില്ലാതെ ഉപയോഗശൂന്യമായി കിടക്കുന്നത്. എരുമപ്പെട്ടി പഞ്ചായത്തിലെ രണ്ടാം വാർഡ് പതിയാരം പ്രദേശത്താണ് കാവലൻചിറ സ്ഥിതി ചെയ്യുന്നത്.
എരുമപ്പെട്ടി, കടങ്ങോട്, തിരുമിറ്റക്കോട് പഞ്ചായത്തുകളിലെ കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് ചിറയുടെ നിർമ്മാണം നടത്തിയിരിക്കുന്നത്. മുൻ എം.എൽ.എ: ബാബു എം പാലിശ്ശേരിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് ചിറയുടെ നവീകരണം നടത്തിയത്. ചെളിയും ചണ്ടിയും നീക്കം ചെയ്ത് ചിറയുടെ ആഴവും വീതിയും വർദ്ധിപ്പിക്കുക, ചുറ്റും കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കുക, കുളിക്കടവുകൾ നിർമ്മിക്കുക, ചിറയുടെ ചുറ്റും തണൽ മരങ്ങളും അലങ്കാര മുളകളും വെച്ച് പിടിപ്പിക്കുക, ചരിഞ്ഞ പ്രതലങ്ങളിൽ പുൽത്തകിടി ഒരുക്കി ചെടികൾ നട്ട് ഉദ്യാനം തീർക്കുക എന്നിവയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ പദ്ധതി ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചില്ല. കഴിഞ്ഞ കാലങ്ങളിൽ രൂക്ഷമായ വേനലിലും നിറഞ്ഞു നിന്നിരുന്ന ചിറയുടെ ഇന്നത്തെ അവസ്ഥ വളരെ ശോചനീയമാണ്. ചിറയിലെ വെള്ളം ഉപയോഗപ്പെടുത്താനുള്ള സൗകര്യം ഒരുക്കുന്നതിൽ ബന്ധപ്പെട്ട അധികാരികൾ കാട്ടിയ അനാസ്ഥയാണ് കാവലൻ ചിറയുടെ ദുരവസ്ഥയ്ക്ക് കാരണം.