തൃശൂർ : തിരഞ്ഞെടുപ്പിന് പിറ്റേന്ന് രാവിലെ കേട്ട ഇരട്ടക്കൊലപാതക വാർത്തയിൽ ഞെട്ടിവിറങ്ങലിച്ചിരിക്കുകയാണ് വരടിയം, മുണ്ടൂർ മേഖലയിലെ നാട്ടുകാർ.
കഞ്ചാവ് സംഘങ്ങളെ ഭയന്ന് ആരും ഒന്നും പുറത്തു പറയുന്നില്ല. എങ്കിലും, പിക്കപ്പ് വാൻ ബൈക്കിലിടിച്ച ശേഷം വീണു കിടന്ന രണ്ട് പേരെയും വെട്ടി നുറുക്കുകയായിരുന്നുവെന്ന് നിർബന്ധിച്ചപ്പോൾ, നാട്ടുകാരിൽ ചിലർ പറഞ്ഞു.
രക്ഷപ്പെട്ട രണ്ട് പേരെ അതേ വാഹനത്തിൽ പിന്തുടർന്ന ശേഷം മതിലിനോട് ചേർത്ത് ഇടിച്ച് നിലത്തിട്ടു. രാവിലെ സംഭവമറിഞ്ഞ് അവിടേക്ക് എത്തിച്ചേരാൻ വഴി ചോദിച്ച മാധ്യമ പ്രവർത്തകർക്ക് അത് പറഞ്ഞു കൊടുക്കാൻ പോലും പലരും തയ്യാറായില്ല. ''സംഭവം കേട്ടു ചേട്ടാ, സ്ഥലം അറിയില്ല.'' സംഭവ സ്ഥലത്ത് നിന്ന് നൂറു മീറ്റർ അകലെ വച്ച് വഴി ചോദിച്ചപ്പോൾ നാട്ടുകാരനായ തിലകന്റെ (യഥാർത്ഥ പേരല്ല) പ്രതികരണം ഇങ്ങനെയായിരുന്നു. ''ഇവിടെ ഇതിനും അപ്പുറം നടക്കും. ആരും ചോദിക്കില്ല, പിള്ളേരോട് മിണ്ടാൻ പോലും പേടിയാണ്.
എപ്പോഴാണ് കത്തി വീശുകയെന്ന് അറിയില്ല.'' മറ്റൊരു നാട്ടുകാരൻ പ്രതികരിച്ചു. എല്ലാ പിള്ളേരെയും ഇവർ വലവീശി പിടിക്കുകയാണ്. വരടിയം മേഖല കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് കച്ചവടം പരിധി വിടുമ്പോഴും അതിനെതിരെ പ്രതികരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നും നാട്ടുകാർ പറയുന്നു. സംഭവത്തെ കുറിച്ച് പൊലീസിനോട് പോലും കാര്യങ്ങൾ വിശദീകരിക്കാൻ നാട്ടുകാർ മുന്നോട്ട് വന്നില്ല. രണ്ട് കൊലപാതകങ്ങൾ നടന്നിട്ടും പ്രദേശവാസികൾ സംഭവ സ്ഥലത്തേക്ക് കാണാൻ പോലും എത്തിയില്ല എന്നതും ഇവിടത്തെ ഗുണ്ടാ - കഞ്ചാവ് മാഫിയകളുടെ സ്വാധീനം വ്യക്തമാക്കുന്നതാണ്...