തൃശൂർ: ജനുവരി മുതൽ ഏപ്രിൽ മാസം പകുതി വരെയുള്ള നാലരമാസക്കാലം തൃശൂർ നഗരത്തിൽ എക്സൈസും പൊലീസും ചേർന്ന് പിടിച്ചെടുത്തത് 405 കി.ഗ്രാം കഞ്ചാവ്. 266 കേസുകളിൽ അറസ്റ്റിലായത് 293 പേരും. കഴിഞ്ഞ വർഷം 147 കേസുകളിലായി 50 കിലോ കഞ്ചാവുമായി 225 പേർ മാത്രമാണ് സിറ്റി പൊലീസിന്റെ പിടിയിലായത്. സംസ്ഥാനത്ത് വൻതോതിലുള്ള കഞ്ചാവ് കടത്തുന്ന ജില്ലകളിലൊന്നായി തൃശൂർ മാറുമ്പോൾ ഞെട്ടിയിരിക്കുകയാണ് പൊലീസും എക്സൈസും.
ചരസ്, ഹാഷിഷ്, മാനസിക രോഗികൾക്ക് ഡോക്ടർമാർ കൊടുക്കുന്ന നൈട്രസൻ, എൽ.എസ്.ഡി, ന്യൂജെൻ ലഹരിമരുന്നായ എം.ഡി.എം.എ. (മെഥലിൻ ഡയോക്സി മെത്താഫിറ്റമിൻ ) തുടങ്ങിയവയും നഗരത്തിൽ നിന്ന് പിടിച്ചെടുത്തതോടെ കൊച്ചിയിലേത് പോലെ ലഹരിയുടെ ഹബ്ബായി തൃശൂരും മാറുകയാണെന്ന സൂചനയാണ് പൊലീസ് ഉദ്യോഗസ്ഥരും നൽകുന്നത്.
തമിഴ്നാട്, ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് തൃശൂരിലും കഞ്ചാവ് എത്തുന്നത്. തമിഴ്‌നാട്ടിലെ കുഗ്രാമങ്ങളിൽ പോയി വിദ്യാർത്ഥികൾ വരെ നേരിട്ടു കഞ്ചാവ് കൊണ്ടുവരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. തൃശൂരിൽ നിന്ന് തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ, കമ്പം, തേനി തുടങ്ങിയ ഇടങ്ങളിലും ഇടുക്കി, വയനാട് ജില്ലകളിലും കഞ്ചാവ് തേടി വിദ്യാർത്ഥികൾ എത്തുന്നുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. പരിചയക്കാരില്ലെങ്കിലും പൊലീസ് ശക്തമല്ലാത്ത മറ്റ് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ നിന്ന് കഞ്ചാവ് ലഭിക്കുന്ന അവസ്ഥയുണ്ട്. മദ്യലഭ്യത കുറഞ്ഞതും വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവിനോടുള്ള താൽപ്പര്യം കൂടിയതും കഞ്ചാവിന്റെ ഒഴുക്ക് കൂട്ടി.
തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് മാസങ്ങൾക്ക് മുമ്പ് പിടിയിലായ മൊത്തവ്യാപാരി ഷറഫുദീൻ കഞ്ചാവ് വാങ്ങിയിരുന്നത് ആന്ധ്രയിലെ മാവോയിസ്റ്റ് മേഖലയിൽ നിന്നാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും കഞ്ചാവ് കൃഷി വ്യാപകമാണ്. വില കൂടിയ സ്യൂട്ട്‌കേസുമായി മാന്യമായ വസ്ത്രം ധരിച്ചാണ് ഷറഫുദീന്റെ കഞ്ചാവ് കടത്ത്. പൊലീസിനും റെയിൽവേ പൊലീസിനും സംശയം തോന്നാതിരിക്കാനാണ് സെയിൽസ് മാനെപ്പോലെ വസ്ത്രം ധരിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു.
എ.സി ബസിലും റിസർവ്ഡ് കമ്പാർട്ട്‌മെന്റിലുമായിരുന്നു യാത്ര. 15–20 വയസിനിടയിലുള്ള വിദ്യാർത്ഥികൾ മദ്യവും പുകവലിയും ഒഴിവാക്കി കഞ്ചാവിന്റെ ഇടനിലക്കാരും വിൽപനക്കാരും വരെയാകുന്നുവെന്നത് അന്വേഷണസംഘങ്ങളെയും ഞെട്ടിപ്പിക്കുകയാണ്. വിദ്യാർത്ഥികളെ പലരെയും താക്കീത് ചെയ്തുവിടുമ്പോൾ അവർ വീണ്ടും കുറ്റം ചെയ്യാൻ ഇടവരുന്നു. മദ്യപിച്ചാൽ പൊലീസ് പരിശോധയിൽ പെടുമെന്ന് ഭയപ്പെട്ടാണ് പലപ്പോഴും കഞ്ചാവിന്റെയും മറ്റ് ലഹരിയുടെയും വഴി തേടുന്നത്.
തൃശൂർ എക്സൈസ് ഡിവിഷനിലെ കേസുകൾ:
ജനുവരി
കേസ് -51
അറസ്റ്റ് -48
കഞ്ചാവ് -5.262 കിലോ
കഞ്ചാവ് ചെടി -3
ഫെബ്രുവരി
കേസ്-51
അറസ്റ്റ്-49
കഞ്ചാവ്-5.306 കിലോ
ഹാഷീഷ് ഓയിൽ-560 മില്ലിഗ്രാം
മാർച്ച്
കേസ്-54
അറസ്റ്റ്-51
കഞ്ചാവ്-9.881 കിലോ
കഞ്ചാവ് ചെടി-3
എൽ.എസ്.ഡി. -0.060 മില്ലിഗ്രാം
എം.ഡി.എം.എ-1.428 ഗ്രാം
എപ്രിൽ 23വരെ
കേസ്- 60
അറസ്റ്റ്-62
കഞ്ചാവ്-324.178 കിലോ
ഹാഷിഷ് ഓയിൽ-50 ഗ്രാം