പുത്തൻപീടിക: അന്തിക്കാട് പാടശേഖരത്തിൽ അധികൃതരുടെ അനാസ്ഥയിൽ ലക്ഷങ്ങളുടെ കൃഷിനാശം. കോൾപ്പാടത്ത് ഇപ്പോഴും കെട്ടിക്കിടക്കുന്നത് 150 ലോഡ് നെല്ല്. ഇതോടെ കർഷകരുടെ പ്രതിഷേധം ശക്തമായി. അന്തിക്കാട് പാടശേഖരത്തിലാണ് കൊയ്തു വച്ച നെല്ലുമായി കർഷകർ ദുരിതം പേറുന്നത്. നെല്ലു വാങ്ങുന്ന സപ്ലൈകോയും, കരാറെടുത്ത് നെല്ല് പാടഞ്ഞു നിന്നും കൊണ്ടു പോകേണ്ട സ്വകാര്യ മില്ലുടമകളും, അതിന് ഒത്താശ ചെയ്യുന്ന പാടശേഖര കമ്മിറ്റിയും മൂലമാണ് ഈ ദുരിതമെന്നാണ് കർഷകർ പറയുന്നത്.

ഒരാഴ്ച മുമ്പ് പെയ്ത മഴയിൽ കൊയ്ത്തു കഴിഞ്ഞ് ചാക്കിലാക്കി വച്ചിട്ടും, കയറ്റിക്കൊണ്ടു പോകാതെ പാടവരമ്പത്ത് ഇട്ട് നശിപ്പിച്ചത് 800 ടൺ നെല്ലാണ്. ഇതു മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. പാടശേഖരത്ത് നിന്നും നെല്ല് കയറ്റിക്കൊണ്ടു പോയി അരിയാക്കി സപ്ലൈകോക്ക് നൽകാൻ കരാറെടുത്ത സ്വകാര്യ മില്ലുടമകളുടെ അലംഭാവമാണ് കർഷകർക്ക് ദുരിതമായത്. ആവശ്യത്തിന് വാഹനമയക്കാതെ നെൽച്ചാക്കുകൾ ആഴ്ചകളോളം പാടത്ത് കെട്ടിക്കിടക്കുകയാണ്. നെല്ല് കയറ്റിക്കൊണ്ട് പോകുന്നത് വരെ കർഷകർക്കാണ് ഇതിന്റെ സംരക്ഷണ ചുമതല. ഒരു ലക്ഷം കിലോ നെല്ലാണ് ഇതുപോലെ കഴിഞ്ഞ വർഷം കൃഷിക്കാർക്ക് നഷ്ടപ്പെട്ടത്.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ വീണ്ടും നെൽച്ചാക്കുകൾ നനഞ്ഞു കുതിർന്നു. കഴിഞ്ഞയാഴ്ച്ച പെയ്ത മഴ കൊണ്ട നെല്ല് മുള പൊട്ടിയ നിലയിലാണ്. ഉമ നെല്ല് കരാറെടുത്ത കമ്പനിക്ക് താൽപ്പര്യമില്ലാത്തതാണ് ഇവിടുത്തെ കർഷകർക്ക് തിരിച്ചടിയായത്. കമ്പനിക്ക് ജ്യോതി നെല്ലിനോടാണ് താൽപ്പര്യമെന്നാണ് കർഷകർ പറയുന്നത്.
ജ്യോതി ഇനത്തിൽ പെട്ട ഒരു ചാക്കു നെല്ലു പോലും സമീപത്തെ പടവിൽ വരെ കെട്ടികിടക്കുന്നില്ലെന്ന് കർഷകനായ മുരളി പറഞ്ഞു. നെല്ലിന് ഉചിതമായ വില നൽകാതെ ഓരോ ചാക്കിനും അഞ്ച് കിലോ വീതം കുറവ് രേഖപ്പെടുത്തി ലക്ഷങ്ങൾ തട്ടിക്കുന്നതായും വ്യാപക പരാതിയുണ്ട്. ഇപ്പോൾ ആകെ 5 ലോറിയിൽ താഴെ മാത്രമാണ് ലോഡ് കയറ്റുന്നത്. അങ്ങനെയെങ്കിൽ തന്നെ പാടത്തെ നെല്ലു മുഴുവൻ കയറ്റിപ്പോകാൻ ഒരു മാസമെടുക്കും. വാഹനത്തിന്റെ ലഭ്യതക്കുറവെന്ന് പറഞ്ഞ് കർഷകർക്ക് മുന്നിൽ മുടന്തൻ ന്യായങ്ങൾ നിരത്തുന്ന അധികൃതരും, അതിന് കൂട്ടു നിൽക്കുന്ന പാടശേഖര സമിതിയുമാണ് പ്രശ്നങ്ങൾക്ക് പിന്നിലെന്നാണ് കർഷകർ ആരോപിക്കുന്നത്.