കൊടകര: യശശരീരനായ പ്രമുഖ ജ്യോതിഷ വേദപണ്ഡിതൻ കൈമുക്ക് വൈദികൻ പരമേശ്വരൻ നമ്പൂതിരിയുടെ ജന്മശതാബ്ദിയുടെ ഭാഗമായി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. 27ന് രാവിലെ 9.30ന് കൈമുക്ക് ഇല്ലത്ത് നടക്കുന്ന അനുസ്മരണ പരിപാടി കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. പാമ്പുംമേയ്ക്കാട് ജാതവേദൻ നമ്പൂതിരി അദ്ധ്യക്ഷനാകും. കൈമുക്ക് വൈദികൻ ശ്രീധരൻ നമ്പൂതിരിയും ശിഷ്യരും വൈദിക പ്രാർഥന നടത്തും. ഡോ. നരസിംഹ അഡിഗ ഭദ്രദീപം തെളിക്കും.

വി. മധുസൂദനൻ നായർ കൈകൊട്ടിക്കളി ഗ്രന്ഥപ്രകാശനം നടത്തും. കൈതപ്രം ദാമോദരൻ നമ്പൂതിരി പാരമേശ്വരീയ ജീവചരിത്ര ഗ്രന്ഥപ്രകാശനം നടത്തും. എളങ്ങല്ലൂർ ദേവീകാ അന്തർജ്ജനം, അണിമംഗലം സാവിത്രി അന്തർജനം, ഡോ. കെ.ജി. രവീന്ദ്രൻ, പട്ടാഭിരാമൻ, കൈമുക്ക് വൈദികൻ നാരായണൻ നമ്പൂതിരി, കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട്, ബി. പത്മനാഭശർമ്മ, നടുവം ഹരി നമ്പൂതിരി ഏറാട്ട് ഉമാദേവി എന്നിവർ പങ്കെടുക്കും. 28ന് രാവിലെ നടക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സിനിമാതാരം ദിലീപ് ഉദ്ഘാടനം ചെയ്യും.

കാർഡിയോളജി വിഭാഗം, ജനറൽ മെഡിസിൻ വിഭാഗം, ജനറൽ സർജറി വിഭാഗം, ശിശു രോഗ വിഭാഗം, നേത്രരോഗ വിഭാഗം, ദന്തരോഗ വിഭാഗം, ഗൈനക്കോളജി വിഭാഗം എന്നിവയിൽ സൗജന്യ പരിശോധനയും ആവശ്യമനുസരിച്ച് സർജറിയും ചെയ്ത് നൽകും. 2500 പേർക്ക് പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കൈമുക്ക് വൈദികൻ ജാതവേദൻ നമ്പൂതിരി, കൈമുക്ക് വൈദികൻ നാരായണൻ നമ്പൂതിരി, പത്മനാഭ ശർമ്മ, കെ.ആർ. ദിനേശൻ, നന്ദകുമാർ മലപ്പുറം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.