തൃശൂർ: മൂന്ന് മുന്നണികളുടെയും നേതാക്കളും സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് ഫലത്തിൽ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ആർക്കും ആശങ്കകൾ ഒഴിയുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ പോളിംഗ് ശതമാനം ഉയർന്നതാണ് മുന്നണികളെ ചിന്തയിലാഴ്ത്തുന്നത്. തൃശൂർ മണ്ഡലത്തിൽ 2014 ൽ 72.17 ശതമാനം പോളിംഗ് ഉണ്ടായപ്പോൾ ഇക്കുറി 77.86 ആയി ഉയർന്നു.

ആലത്തൂരിൽ 76.41 ശതമാനം 80.33 ശതമാനമായി. ചാലക്കുടിയിൽ 76.92 ശതമാനം പോളിംഗ് 80.44 ശതമാനമായി. പോളിംഗ് ശതമാനം കൂടിയതും അടിയൊഴുക്കുകളും ആരെ തുണയ്ക്കുമെന്നും വീഴ്ത്തുമെന്നുമാണ് നേതാക്കളുടെ ആശങ്ക. അതുകൊണ്ടു തന്നെ ഇനി ഒരു മാസം പാർട്ടി കേന്ദ്രങ്ങളിൽ കൂട്ടലും കിഴിക്കലുമായിരിക്കും . തൃശൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി പിടിച്ചേക്കാവുന്ന വോട്ടുകളെ ചൊല്ലിയാണ് ഇരുമുന്നണികളിലുമുള്ള മറ്റൊരു ആശങ്ക. എൽ.ഡി.എഫ് തൂത്തുവാരിയ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 76.77 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഈ കണക്ക് വെച്ചാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് വിജയ പ്രതീക്ഷ വെച്ചു പുലർത്തുന്നത്. തങ്ങളുടേത് വ്യക്തമായ രാഷ്ട്രീയ വോട്ടാണെന്നും മണ്ഡലത്തിലുള്ള വർദ്ധിച്ച ഇടതുപക്ഷ സ്വാധീനം വിജയം സുനിശ്ചിതമാക്കുമെന്നുമാണ് എൽ.ഡി.എഫിന്റെ അവകാശവാദം.

സുരേഷ് ഗോപിയുടെ പ്രചാരണം തങ്ങളുടെ വോട്ടിനെ ബാധിക്കില്ലെന്നും അവർ വിശ്വസിക്കുന്നു. കോൺഗ്രസ് വോട്ടുകൾ നഷ്ടമായിട്ടുണ്ടെന്ന് കോൺഗ്രസുകാർ സമ്മതിക്കുന്നുണ്ടെങ്കിലും അത് ന്യൂനപക്ഷ വോട്ടുകളുടെ അനുകൂല ഏകീകരണം മൂലം നികത്തപ്പെട്ടിട്ടുണ്ടെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപന്റെ ക്യാമ്പ് അവകാശപ്പെടുന്നു. സുരേഷ് ഗോപി വന്നതുകൊണ്ടുണ്ടായ ഓളം മീനാണെന്ന് ധരിക്കേണ്ടെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.

എന്നാൽ വൈകിയെത്തി മണ്ഡലത്തിൽ ശക്തമായ ഓളമുണ്ടാക്കിയ എൻ.ഡി.എ സ്ഥാനാർത്ഥി നടൻ സുരേഷ്‌ഗോപി, ഇരു മുന്നണികളുടെയും കണക്കുകൂട്ടലുകളെ കവച്ച് വയ്ക്കുന്ന സ്വാധീനമുറപ്പിച്ചതായി രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായ പ്രത്യേകിച്ചും സ്ത്രീകളുടെ വോട്ടുകൾ സുരേഷ്‌ ഗോപിക്ക് ലഭിച്ചതായുള്ള കണക്കുകൂട്ടലുകളും ഉണ്ട്. അതിനാൽ തന്നെ എൻ.ഡി.എ ക്യാമ്പ് സുരേഷ് ഗോപിയുടെ പരിവേഷത്തിന് കീഴിൽ ആവേശത്തിലാണ്. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിൽ നിന്നു പോലും അനുകൂലമായ വോട്ടൊഴുക്ക് ഉണ്ടായിട്ടുണ്ടെന്നാണ് എൻ.ഡി.എ വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളേക്കാൾ വളരെ ഉയർന്ന ശതമാനം വോട്ടുകൾ എൻ.ഡി.എ നേതാക്കൾ പ്രതീക്ഷിക്കുന്നുണ്ട്. ശക്തമായ ത്രികോണ മത്സരത്തിൽ വിജയപ്രതീക്ഷകൾ വരെ പ്രതീക്ഷിക്കുന്ന എൻ.ഡി.എ നേതാക്കളും ജില്ലയിലുണ്ട്..