ചാലക്കുടി: പാലപ്പിള്ളിയിലെ കുഴൽകിണർ നിർമ്മാണം അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിൽ നാട്ടുകാർ. കൊരട്ടി പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് പുനരധിവാസ ഭവനങ്ങൾക്കായുള്ള കുഴൽ കിണർ നിർമ്മാണത്തിന് ശ്രമമുണ്ടായത്. സ്ഥിരമായി കനത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഇവിടെ കുഴൽകിണർ കൂടി വന്നാൽ അവസ്ഥ ഗുരുതരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുപതോളം വീട്ടുകാർ പ്രതിഷേധിച്ചത്.
സ്വകാര്യ വക്തിയുടെ പട്ടയമില്ലാത്ത 80 സെന്റ് ഭൂമി പഞ്ചായത്ത് ഏറ്റെടുത്താണ് 20 വീടുകൾ നിർമ്മിക്കാൻ തീരുമാനിച്ചത്. പ്രളയത്തിൽ തകർന്ന കുടുംബങ്ങൾക്കുള്ള വീടുകളാണിത്. എന്നാൽ സാധാരണ കിണറുകളാകും ഇവിടെ സ്ഥാപിക്കുകയെന്ന് റവന്യൂ വകുപ്പ് പരിസര വാസികൾക്ക് ഉറപ്പു നൽകിയിരുന്നു. അപ്രതീക്ഷിതമായി കുഴൽ കിണർ കുഴിക്കാൻ ശ്രമമുണ്ടായപ്പോഴാണ് നാട്ടുകാർ രംഗത്തെത്തി തടയുകയായിരുന്നു. പിന്നീട് ജന പ്രതിനിധികൾ രംഗത്തെത്തി താത്കാലികമായി നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തുകയായിരുന്നു.