ചാലക്കുടി: തിരഞ്ഞെടുപ്പ് ദിവസം അരൂർമുഴിയിൽ വച്ച് പൊലീസ് യുവാവിനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിന് ശക്തിയേറി. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വെട്ടിക്കുഴിയിലെ അഖിൽ ശിവനെയാണ് ചൊവ്വാഴ്ച അതിരപ്പിള്ളി എസ്.ഐ മർദ്ദിച്ചത്. വോട്ടു ചെയ്യാൻ ബൂത്തിൽ എത്തിയതായിരുന്നു അഖിൽ ശിവൻ. ഇതിനിടെ റോഡിൽ കൂടിനിന്ന ആളുകളെ മാറ്റുന്നതിനിടെയാണ് യുവാവിന് മർദ്ദനമേറ്റത്. വോട്ടു ചെയ്യാൻ എത്തിയതാണെന്ന അഖിലിന്റെ വിശദീകരണം മുഖവിലയ്ക്കെടുത്ത എസ്.ഐ റോഡിലും പിന്നീട് സ്റ്റേഷനിലും എത്തിച്ച് മർദ്ദിച്ചെന്നാണ് പറയുന്നത്. മർദ്ദനത്തിന് പുറമെ അസഭ്യം വിളിച്ചുപറഞ്ഞെന്നും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കഴിയുന്ന അഖിൽ പറഞ്ഞു. വോട്ട് ചെയ്യാനെത്തിയ യുവാവിനെ മർദ്ദിച്ച എസ്.ഐക്കെതിരെ നടപടി വേണമെന്ന് ബി.ഡി. ദേവസി എം.എൽ.എ ആവശ്യപ്പെട്ടു.