തൃശൂർ: ലോക്‌സഭാ മണ്ഡലത്തിലെ വോട്ടുകൾ രേഖപ്പെടുത്തിയ വോട്ടിംഗ് മെഷിനുകൾക്ക് തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ അതീവസുരക്ഷ ഏർപ്പെടുത്തി. കോളേജിലെ മൂന്ന് കെട്ടിടങ്ങളിലായാണ് വോട്ടിംഗ് മെഷിനുകൾ സൂക്ഷിച്ചിരിക്കുന്നത്.

കേന്ദ്രസംസ്ഥാന പൊലീസ് സേനയുടെ കർശന സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട ഗുരുവായൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് ,ഒല്ലൂർ മണലൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകളും മറ്റ് രേഖകളുമാണ് അതീവസുരക്ഷാ സംവിധാനത്തോടെ സൂക്ഷിച്ചിരിക്കുന്നത്. ബോംബ് സ്‌ക്വാഡ് എത്തി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി. മേയ് 23ന് വോട്ട് എണ്ണുന്നത് വരെ ഇവിടെ അതീവ സുരക്ഷാ ക്രമീകരണങ്ങൾ തുടരും. 23ന് തൃശൂർ ലോക്‌സഭയിലെ വോട്ടെണ്ണൽ കേന്ദ്രം കൂടിയാണ് ഗവൺമെന്റ് എൻജിനിയറിംഗ് കോളേജ്. ആലത്തൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ പാലക്കാടും ചാലക്കുടി മണ്ഡലത്തിലെ വോട്ടെണ്ണൽ എറണാകുളത്തുമാണ് നടക്കുക.