 അടുത്ത ദിവസങ്ങളിൽ പരിശോധന കർശനമാക്കും

തൃശൂർ: കല്ലട ബസ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകളെ പിടികൂടാൻ പാലക്കാട്, പാലിയേക്കര ടോൾ പ്‌ളാസകളിൽ തൃശൂർ- പാലക്കാട് ജില്ലകളിലെ മോട്ടോർ വാഹന വകുപ്പിന്റെ ഫ്ളൈയിംഗ് സ്ക്വാഡ് രാത്രിയിൽ പരിശോധന നടത്തി. 210 ബസുകളിൽ നിന്നായി 3.5 ലക്ഷം രൂപ പിഴയിടാക്കി. ബസുകൾ സർവീസ് നടത്തുന്നത് നിയമാനുസൃതമല്ലെന്ന് കണ്ടെത്തി. ബസ് അധികൃതർ സൂക്ഷിച്ച യാത്രക്കാരുടെ പട്ടികയിലുള്ളവരല്ല ഭൂരിഭാഗം ബസുകളിലും യാത്ര ചെയ്യുന്നതെന്നും കണ്ടെത്തിയതോടെ ഇവർക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ ശുപാർശ ചെയ്യും.
ബുധനാഴ്ച രാത്രി 11 മുതൽ ഇന്നലെ രാവിലെ ആറുവരെയായിരുന്നു പരിശോധന.

കോൺട്രാക്ട് കാരിയേജ് പെർമിറ്റുള്ള ബസുകൾ കെ.എസ്.ആർ.ടി.സിക്ക് സമാനമായി സ്റ്റേജ് കാരിയേജായിട്ടാണ് സർവീസ് നടത്തുന്നതെന്ന് കണ്ടെത്തി. കെ.എസ്.ആർ.ടി.സി, ട്രെയിൻ എന്നിവയിൽ യാത്ര ചെയ്യുന്നതിനേക്കാൾ നാലിരട്ടി തുകയാണ് ബസ് അധികൃതർ ഈടാക്കുന്നതെന്ന് യാത്രക്കാർ മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് മൊഴി നൽകി. പാലക്കാട്, തൃശൂർ ജില്ലകൾ വഴി 500ഓളം അനധികൃത സർവീസുകൾ രാത്രി കാലത്ത് നടത്തുന്നുണ്ടെന്നാണ് വിവരം. അടുത്ത ദിവസങ്ങളിൽ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളുടെ പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ ഓഫീസുകളിൽ പരിശോധന നടത്തും. എൽ.എ.പി.ടി. ലൈസൻസ് ഇല്ലാത്ത ഓഫീസുകൾക്കെതിരെ പ്രാരംഭഘട്ടത്തിൽ നടപടി സ്വീകരിക്കും. തൃശൂർ ഫ്ളൈയിംഗ് സ്ക്വാഡ് ആർ.ടി.ഒ. എം. സുരേഷിന്റെ നേതൃത്വത്തിൽ എം.വി.ഐമാരായ രാജു, മനോജ്കുമാർ, എം.ആർ. ബാബു എന്നിവർ ഉൾപ്പെടെ 11 പേർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

 യാത്രക്കാർ സഹകരിച്ചു
ഉയർന്ന തുക നൽകി യാത്ര ചെയ്യേണ്ട ഗതികേടിനെക്കുറിച്ച് പലരും നേരത്തെ പരാതിപ്പെടാറുണ്ട്. പക്ഷെ, ബസ് പരിശോധിക്കാൻ ചെന്നാൽ ചില യാത്രക്കാർ പ്രശ്‌നങ്ങൾ ഉണ്ടാക്കും. ആവശ്യത്തിന് യാത്ര സൗകര്യം ഒരുക്കില്ല. ഉള്ള ബസുകളിൽ ഉയർന്ന തുക നൽകി യാത്ര ചെയ്യാനും വിടില്ലേയെന്നാണ് ചിലർ ചോദിക്കാറ്. അത്തരമൊരു അവസ്ഥയ്ക്ക് ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. - എം. സുരേഷ് (എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. തൃശൂർ)

 എൽ.എ.പി.ടി ലൈസൻസ്
എൽ.എ.പി.ടി ലൈസൻസ് ഇല്ലാതെയാണ് ഭൂരിഭാഗം സ്വകാര്യ ടൂർ ഓപറേറ്റർമാരും സർവീസ് നടത്തുന്നത്. സംസ്ഥാന സർക്കാരാണ് എൽ.എ.പി.ടി ലൈസൻസ് നൽകുന്നത്. കോൺട്രാക്‌റ്റ് കാരിയേജ് സർവീസ് നടത്താനാണ് എൽ.എ.പി.ടി. ലൈസൻസ്. എന്നാൽ സ്റ്റേജ് കണക്കാക്കി കെ.എസ്.ആർ.ടി.സി. ബസുകൾ നടത്തുന്ന രീതിയിലാണ് കോൺട്രാക്‌റ്റ് കാരിയേജ് ബസുകൾ സർവീസ് നടത്തുന്നത്. ഇത് നിയമപ്രകാരം തെറ്റാണ്. അതിനാൽ നിയമത്തിൽ ചില ഭേദഗതികൾ വരുത്തുന്നത് സർക്കാരിന്റെ പരിഗണനയിലാണ്.


 ഒത്താശ ചെയ്യുന്നു

സ്വകാര്യ ബസുകളുടെ ബംഗളൂരു യാത്രയ്ക്ക് കെ.എസ്.ആർ.ടി.സി ഒത്താശ ചെയ്യുന്നുവെന്ന് ആരോപണം. പരമാവധി ബാംഗളൂരിലേക്കുള്ള സർവീസുകൾ കുറച്ചാണ് കെ.എസ്.ആർ.ടി.സിയെ സഹായിക്കുന്നത്. പലപ്പോഴും വിമാനത്തേക്കാൾ കൂടിയ നിരക്ക് നൽകിയാണ് യാത്രക്കാർ ബസുകളിൽ ബാംഗളൂരിലേക്ക് പോകുന്നത്.
ബാംഗളൂർ ബസുകളിലെ ദുരന്തം ചർച്ചയായതോടെ കേരളത്തിൽ നിന്നും ബാംഗളൂരിലേക്ക് കൂടുതൽ പ്രതിദിന ട്രെയിനുകൾ വേണമെന്ന ദീർഘകാലത്തെ ആവശ്യം ശക്തമായിരിക്കുകയാണ്. പി. കൃഷ്ണകുമാർ (തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ സെക്രട്ടറി )

പരിശോധന നടത്തിയത്

പാലക്കാട് 119

തൃശൂർ 91