കാഞ്ഞാണി: മട്ടുപ്പാവു കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് കണ്ടശ്ശാംകടവ് സ്വദേശി ജോസ്. പ്രവാസ ജീവിതത്തിനു ശേഷമുള്ള കാലം വിഷരഹിത പച്ചക്കറി കൃഷി ചെയ്ത് ശ്രദ്ധേയനാകുകയാണ് ഈ പ്രവാസി മലയാളി. കണ്ടശ്ശാംകടവിൽ താണിക്കൽ വീട്ടിൽ ജോസ് 20 വർഷത്തോളം ഗൾഫിലായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം നേരമ്പോക്കിനായാണ് കൃഷിയിലേക്ക് തിരിഞ്ഞത്. തന്റെ വീടിന്റെ ടെറസിൽ 700 സ്‌ക്വയർ ഫീറ്റ് സ്ഥലത്താണ് വൈവിധ്യമാർന്ന പച്ചക്കറി തോട്ടം അഞ്ച് വർഷം മുൻപ് ഒരുക്കുന്നത്.


കൃത്രിമ വളം ഉപയോഗിക്കാതെ കൃഷി ചെയ്യണമെന്ന ജോസിന്റെ ആഗ്രഹത്തിന് ലഭിച്ചത് നൂറുമേനി വിളവായിരുന്നു. ചാണകവും പച്ചിലയും ഉപയോഗിച്ചായിരുന്നു ആദ്യം കൃഷി തുടങ്ങിയത്. ഭാര്യയും രണ്ടു മക്കളും സഹായത്തിനു കൂടിയതോടെ ടെറസ് പൂർണമായും വിഷ രഹിതമായ പച്ചക്കറികളുടെ കലവറയായി മാറി. കാന്താരി, വെളുത്തുള്ളി, വേപ്പെണ്ണ എന്നിവ ഗോമൂത്രത്തിൽ ലയിപ്പിച്ചുണ്ടാക്കുന്ന കീടനാശിനിയാണ് രോഗബാധയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നത്.


പയർ, പാവൽ, പച്ചമുളക്, കോളിഫ്‌ളവർ, ചീര, തക്കാളി, മുളക്, ബജിമുളക്, ക്യാപ്‌സിക്കം, വഴുതന, കോവൽ, കത്രിക്ക, പടവലം തുടങ്ങിയ പച്ചക്കറി വിളകൾ കൃഷി ചെയ്യുന്നുണ്ട്. ഇതോടൊപ്പം പശുക്കളെയും , ആടിനെയും കോഴികളെയും വളർത്തുന്നുണ്ട്. കൃഷിക്കാവശ്യമായ ജൈവവളം കണ്ടെത്തുന്നത് ഇതിൽ നിന്നാണ്. ഉത്പാദിപ്പിക്കുന്ന പച്ചക്കറി വിളകൾക്ക് പുറം വിപണിയെ ആശ്രയിക്കേണ്ടി വന്നിട്ടില്ല ഇവർക്ക്. വിഷരഹിത കൃഷിയെ കണ്ടറിഞ്ഞ ആവശ്യക്കാർ നേരിട്ടെത്തി ഇവിടെ നിന്ന് വാങ്ങുന്നതുകൊണ്ട് വിൽപനയ്ക്ക് ബുദ്ധിമുട്ടില്ലെന്നും ജോസ് പറയുന്നു.


കൃഷി രീതികൾ പഠിക്കാനും, വിത്തുകൾ വാങ്ങാനുമായി നിരവധി പേരാണ് കണ്ടശ്ശാംകടവിലുള്ള വീട്ടിലെത്തുന്നത്. നേരമ്പോക്കിനായി തുടങ്ങിയ കൃഷി പടർന്നു പന്തലിച്ചു നിൽക്കുമ്പോൾ കുടുംബത്തോടൊപ്പം ജോസും ന്തോഷവാനാണ്. സാമ്പത്തിക നേട്ടത്തിനപ്പുറം നാടിനു വേണ്ട വിഷ രഹിത പച്ചക്കറികൾ ഒരുക്കുന്നതിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ആനന്ദം കണ്ടെത്തുകയാണ് ജോസ്.