എരുമപ്പെട്ടി: റോഡിൽ നിന്നും കിട്ടിയ പണം ഉടമയ്ക്ക് നൽകി വിദ്യാർത്ഥികളും യുവാവും മാതൃകയായി. കുമരനെല്ലൂർ അയ്യത്ത് വീട്ടിൽ രാധാകൃഷ്ണന്റെ മകൻ രോഹിത്ത്, അയ്യത്ത് രാമകൃഷ്ണന്റെ മകൻ രാഹുൽ, അയ്യപ്പ വിലാസം ബാലു എന്നിവരാണ് നൻമയുടെ മാതൃക തീർത്തത്. കെ.എസ്.ഇ.ബി മുൻ എക്സിക്യൂട്ടീവ് എൻജിനിയറും വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എൻ.ടി. ബേബിയുടെ 37,400 രൂപയും രേഖകളും അടങ്ങിയ പഴ്സാണ് റോഡിൽ വീണത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ കുമരനെല്ലൂർ കറുവണ്ണ ക്ഷേത്ര കവാടത്തിന് സമീപം പേന്റിന്റെ പോക്കറ്റിൽ നിന്നും പഴ്സ് റോഡിൽ വീഴുകയായിരുന്നു.
റോഡിൽ ചിതറി തെറിച്ച പണവും പഴ്സും രേഖകളും കാണാനിടയായ സംഘം അവ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ സെൽവരാജ്, എസ്.ഐ. മുഹമ്മദ് ഖാസിം എന്നിവരുടെ സാന്നിധ്യത്തിൽ ഉടമയ്‌ക്ക് പണം കൈമാറി. വിദ്യാർത്ഥികളേയും യുവാവിനേയും പൊലീസ് അനുമോദിച്ചു. വടക്കാഞ്ചേരി ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ രോഹിത്തിന് പാരിതോഷികമായി നോട്ടു പുസ്തകളും പഠനോപകരണങ്ങളും നൽകുമെന്ന് എൻ.ടി. ബേബി അറിയിച്ചു.