kda-nadaparayilla-service
ദേശീയപാത കൊടകര മേൽപാലത്തിനരികിലെ നടപ്പാതയില്ലാത്ത സർവീസ് റോഡ്‌

കൊടകര: മേൽപാലത്തിനു സമീപത്തെ സർവീസ് റോഡിലുണ്ടായ വാഹനാപകടത്തിൽ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന തങ്കപ്പൻ മാസ്റ്റർ മരിച്ചിട്ട് ഒരുവർഷം കഴിഞ്ഞു. എന്നാൽ ഇവിടെയുള്ള അപകടങ്ങൾ ഇപ്പോഴും ഒഴിയുന്നില്ല. അനുഭവങ്ങൾ മുന്നിലുണ്ടായിട്ടും എല്ലാം കണ്ടില്ലെന്ന് നടിക്കുന്ന ദേശീയപാതാ അധികൃതർ സുരക്ഷയും ഒരുക്കുന്നില്ല.

ഏഴ് വർഷമായി ടോൾപിരിവ് നടത്തുന്ന മണ്ണുത്തി അങ്കമാലി നാലുവരിപാതയിലെ ബാക്കിയുള്ള നിർമാണപ്രവൃത്തികൾ ഇനിയും തീർക്കാത്തതാണ് നൂറ് കണക്കിന് അപകടങ്ങൾക്കും അപകട മരണങ്ങൾക്കും ഇടയാക്കുന്നത്. കൊടകര മേൽപാലത്തിനരികിൽ നടപ്പാതയില്ലാത്തതിനാൽ സർവീസ് റോഡിലൂടെ ഇറങ്ങിനടക്കുന്നതിനിടെയാണ് ഓട്ടോയിടിച്ച് തക്കപ്പൻ മാസ്റ്റർക്ക് ഗുരുതര പരിക്കേൽക്കുകയും മരിക്കുകയും ചെയ്തത്. ഇവിടെ നടപ്പാതക്കുള്ള സ്ഥലമെടുത്തിട്ടുണ്ടെങ്കിലും ഡ്രൈനേജ് സംവിധാനമോ നടപ്പാതയോ നിർമിക്കാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. കാൽനടയാത്രക്കാരും സൈക്കിൾ യാത്രക്കാരും ഭയപ്പാടോടെയാണ് സർവീസ് റോഡിലൂടെ സഞ്ചരിക്കുന്നത്. ചീറിപ്പാഞ്ഞ് പോകുന്ന വാഹനങ്ങൾ കാൽനടയാത്രക്കാരെ അപായപ്പെടുത്താനുള്ള സാഹചര്യങ്ങളും ഇവിടെയുണ്ട്. സ്‌കൂൾ കുട്ടികൾ ഉൾപ്പടെ സ്ത്രീകളും വയോധികരും ഇതിലൂടെ കാൽനടയായി പോകുന്നുണ്ട്. അപകടം നടന്ന സ്ഥലത്ത് റോഡിന്റെ ഒരുഭാഗം ഇപ്പോഴും കുഴിയായി കിടക്കുകയാണ്. ഈ കുഴിയിലേക്ക് വീണാണ് അപകടത്തിൽപെട്ടയാൾ മരിച്ചത്.

ചാലക്കുടി മുതൽ പുതുക്കാട് വരെയുള്ള മേഖലയിൽ കിലോമീറ്ററുകളാണ് സർവീസ് റോഡുകൾ നിർമിക്കാൻ ബാക്കിയുള്ളത്. ഈ പ്രദേശങ്ങളിലെല്ലാം റോഡിനായി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. നാലുവരിപാതയിൽ ടോൾപിരിവ് തുടങ്ങിയശേഷം ബാക്കിവരുന്ന ജോലികൾ ഉടൻ ചെയ്തു തീർക്കാമെന്നായിരുന്നു ഉദ്ഘാടനത്തിനുമുമ്പുള്ള വാഗ്ദാനം. ഉദ്ഘാടനശേഷം എങ്ങനെയെല്ലാം പരമാവധി ടോൾപിരിവ് നടത്താമെന്നല്ലാതെ ബാക്കിവരുന്ന ജോലികൾ ചെയ്തു തീർക്കാൻ ടോൾപ്ലാസാ അധികൃതർ യാതൊരു നടപടിയും എടുക്കുന്നില്ല. സർവീസ് റോഡുകൾ ഇല്ലാത്തതും സർവീസ് റോഡിന്റെ നിർമാണം പൂർത്തിയാക്കാത്തതും അപകടങ്ങൾ വർധിക്കുന്നതിന് ഇടയാക്കുന്നു.

ദേശീയ പാതയിലുണ്ടാകുന്ന അപകടങ്ങൾക്കിടെ നൂറുകണക്കിന് ജീവനുകൾ പൊലിഞ്ഞിട്ടും സർവീസ് റോഡുകളുടെ നിർമാണത്തിലോ മറ്റ് നിർമാണങ്ങൾ പൂർത്തിയാക്കാനോ അധികൃതർ നടപടിയെടുക്കാത്തതിൽ നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്. എത്രയും വേഗം സർവീസ് റോഡുകളുടെയും ദേശീയപാതയിലെ മറ്റു ജോലികളും തീർത്ത് അപകടരഹിതമായ റോഡ് ആക്കി മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

............................................................

ടോൾപിരിവ് തകർക്കുമ്പോഴും മറന്നു പോകുന്ന നിർമ്മാണം

ടോൾപിരിവ് തുടങ്ങിയിട്ട് ഏഴ് വർഷം

നടപ്പാതക്കുള്ള സ്ഥലമെടുത്തിട്ടുണ്ടെങ്കിലും ഡ്രൈനേജ് സംവിധാനമോ നടപ്പാതയോ നിർമിച്ചിട്ടില്ല

അപകടം നടന്ന സ്ഥലത്ത് റോഡിന്റെ ഒരുഭാഗം ഇപ്പോഴും കുഴിതന്നെ

ഈ കുഴിയിലേക്ക് വീണാണ് അപകടത്തിൽപെട്ടയാൾ മരിച്ചത്

ചാലക്കുടി മുതൽ പുതുക്കാട് വരെയുള്ള മേഖലയിൽ കിലോമീറ്ററുകളോളം സർവീസ് റോഡുകൾ ഇല്ല

ടോൾപിരിവ് തുടങ്ങിയശേഷം ജോലികൾ ഉടൻ ചെയ്തു തീർക്കാമെന്നായിരുന്നു ഉദ്ഘാടനത്തിനുമുമ്പുള്ള വാഗ്ദാനം