crime

തൃശൂർ: മുണ്ടൂരിൽ യുവാക്കളെ പിക്കപ്പ് വാൻ കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ സൂത്രധാരന്മാരായ മുൻ വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ രണ്ടുമക്കളും കൊടുംക്രിമിനലുകളെന്ന് പൊലീസ് രേഖകൾ പറയുന്നു. തമിഴ്‌നാട് പൊലീസിനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതുൾപ്പെടെ 15ഓളം കേസുകളിൽ പ്രതികളാണ് ഡയമണ്ട് എന്നറിയപ്പെടുന്ന ജിനോയും മിനോയും. അന്തർസംസ്ഥാന കഞ്ചാവ് മാഫിയയുമായി അടുത്ത ബന്ധം പുലർത്തുന്ന ഇവരിൽ ഒരാളെ ഇന്നലെ വൈകുന്നേരത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാൾക്കായി പാലക്കാട്ടും കോയമ്പത്തൂരിലും പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. പ്രതി ഇടയ്ക്കിടെ ഫോണും വാഹനവും മാറ്റുന്നത് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നുണ്ട്. അടിപിടി, മോഷണം, കഞ്ചാവ്, കൊലപാതക ശ്രമം എന്നിങ്ങനെയാണ് ഇരുവർക്കും എതിരെയുള്ള കേസുകൾ.
തമിഴ്‌നാട്ടിൽ നിന്നു കഞ്ചാവ് കടത്തിക്കൊണ്ടുവരുമ്പോഴാണ് ഇരുവരും ചേർന്ന് പൊലീസുകാരനെ ഇടിച്ചിട്ടത്. കേസിൽ അറസ്റ്റിലായ ഇരുവരോടും ജാമ്യവ്യവസ്ഥ അനുസരിച്ച് എല്ലാ മാസവും തമിഴ്‌നാട്ടിലെ സ്റ്റേഷനിലെത്തി ഒപ്പിടാൻ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് തമിഴ്‌നാട്ടിലെത്തുന്ന ഇരുവരും തിരിച്ചുവരുമ്പോൾ അവിടെ നിന്ന് ആടുകളെ മോഷ്ടിച്ചുകൊണ്ടുവരുമായിരുന്നു. ഇതു സംബന്ധിച്ചുയർന്ന പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് ഇരുവരെയും പിന്നീട് തൊണ്ടിയുമായി പിടികൂടി. കഞ്ചാവ് കടത്തിയതിനും വിറ്റതിനുമായി ഇരുവർക്കുമെതിരെ പൊലീസിലും എക്‌സൈസിലും കേസുണ്ട്.


 രക്ഷപ്പെടുത്താൻ അമ്മ മുന്നിൽ

ഇവരുടെ അമ്മ ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ തമിഴ്നാട് പൊലീസിന്റെ വാഹനത്തിനു മുന്നിൽ ഔദ്യോഗിക വാഹനമിട്ട് തടസം സൃഷ്ടിച്ചതും മകനെ പൊലീസിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചതും വിവാദമായിരുന്നു. 2015ലാണ്‌ സംഭവം. തൃശൂർ സ്വദേശിയും ക്രിമിനൽ കേസുകളിൽ പ്രതിയുമായ സച്ചിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രസിഡന്റിന്റെ മകനായ ജിനോയെ തേടി ഉക്കടം പൊലീസ് ചേർപ്പ് ചൊവ്വൂർ ചെറുവഞ്ചേരിയിലെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ഔദ്യോഗിക വാഹനം തമിഴ്നാട് പൊലീസിന്റെ വാഹനത്തിന് മുന്നിലിട്ട് മകൻ ജിനോയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. രക്ഷയില്ലെന്നായപ്പോൾ മകന്റെ മുഷിഞ്ഞ വസ്ത്രം മാറ്റി പറഞ്ഞുവിടാമെന്ന്‌ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ആ വാക്ക് പൊലീസ് വിശ്വസിച്ചു. എന്നാൽ, വീടിനകത്ത് കയറിയ അമ്മ മകനെയും കൂട്ടി പിറകുവശത്തെ വാതിലിലൂടെ രക്ഷപ്പെട്ടു. രാഷ്ട്രീയ സമ്മർദ്ദമുണ്ടായപ്പോൾ വൈകുന്നേരത്തോടെ മകനുമായി ചേർപ്പ് പൊലീസ് സ്റ്റേഷനിലെത്തി. തമിഴ്‌നാട് പൊലീസ് ആളുമാറി പിടികൂടാനെത്തിയതാണെങ്കിലും അന്നത്തെ സംഭവം പഞ്ചായത്ത് പ്രസിഡന്റിന്റെ രാഷ്ട്രീയജീവിതം താറുമാറാക്കി. പിന്നീടുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇവർക്ക് സീറ്റ് നിഷേധിച്ചു. റെബലായി മത്സരിച്ചപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കി. പഞ്ചായത്ത് പ്രസിഡന്റായിരിക്കെ മക്കൾ അന്തിക്കാട് നിന്ന് വിലകൂടിയ പട്ടിയെ മോഷ്ടിച്ചുകൊണ്ടുവന്നതും വിവാദമായിരുന്നു. അടിപിടി, കഞ്ചാവ് കേസുകളിൽ മക്കൾ ഉൾപ്പെട്ടതിനാൽ പഞ്ചായത്ത് പ്രസിഡന്റിന് ‌വീട് മാറി താമസിക്കേണ്ട സ്ഥിതിയും വന്നിരുന്നു.