മാള: ചികിത്സ സംബന്ധിച്ച പരാതികളിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് കുഴൂരിൽ ഡോക്ടറുടെ ക്ലിനിക്കിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. പരിശോധനയിൽ വൻതോതിൽ സ്റ്റിറോയ്ഡുകളും ഇറക്കുമതി ചെയ്ത മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. കുഴൂരിൽ വീട് വാടകയ്ക്കെടുത്ത് താമസിച്ച് അവിടെത്തന്നെ ക്ലിനിക്ക് നടത്തുന്ന ആലുവ സ്വദേശിയായ ഡോ. ജോർജ്ജ് ജോണിനെതിരെയാണ് പരാതി ഉയർന്നത്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയാണ് അന്വേഷണത്തിന് നിർദേശിച്ചത്. ഇതേത്തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. റീന, ജില്ലാ ഹെൽത്ത് ഓഫീസർ പി.കെ. രാജു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഡോ. ജോർജ്ജ് ജോണിന് ചികിത്സ നടത്താനും മരുന്നുകൾ നൽകാനുമുള്ള യോഗ്യതയുണ്ടെന്ന് കണ്ടെത്തി. എന്നാൽ ചികിത്സ നടത്തുന്നതിൽ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.
തുടർന്ന് ഡി.എം.ഒയുടെ നിർദ്ദേശപ്രകാരമാണ് ഡ്രഗ്സ് ഇന്റലിജന്റ്സ് വിഭാഗം ഡോക്ടറുടെ ക്ലിനിക്കിൽ പരിശോധന നടത്തിയത്. പരിശോധനയിൽ വൻതോതിൽ സ്റ്റിറോയ്ഡ് കണ്ടെത്തിയിട്ടുണ്ട്. ക്ലിനിക്ക് നടത്താനുള്ള നിയമപരമായ അനുമതി ഇല്ലെന്നും ഉപയോഗിച്ച സിറിഞ്ച് അടക്കമുള്ള വസ്തുക്കൾ മരുന്നുകൾക്കൊപ്പം സൂക്ഷിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത മരുന്നുകൾക്കുള്ള രേഖകൾ ഇല്ലെന്നും ഡ്രഗ്സ് വിഭാഗം പരിശോധനയിൽ കണ്ടെത്തി. ഇതെല്ലാം സംബന്ധിച്ച് മെഡിക്കൽ കൗൺസിലിനും കളക്ടർക്കും റിപ്പോർട്ട് നൽകുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
അനുമതി ഇല്ലാതെ ക്ലിനിക്ക് നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് മരുന്നിന്റെ കുറിപ്പടി നൽകുന്നില്ലെന്നും ഡോക്ടർ രജിസ്റ്റർ സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തി. സഹായികളൊന്നും ഇല്ലാതെ ഡോക്ടർ തന്നെയാണ് ക്ലിനിക്കിലെ എല്ലാ ജോലികളും ചെയ്തിരുന്നത്. ചികിത്സ തേടിവരുന്ന ഭൂരിഭാഗം രോഗികൾക്കും ഇഞ്ചക്‌ഷൻ നൽകുന്നതും സംശയങ്ങൾക്ക് കാരണമായിരുന്നു. ഡ്രഗ് ഇന്റലിജന്റ്സ് വിഭാഗം ഇൻസ്‌പെക്‌ടർ വിനയന്റെ നേതൃത്വത്തിൽ നാല് മണിക്കൂറോളം പരിശോധന നടത്തി.
ഡോക്ടർ വീടിന് പുറത്ത് ഫിസിഷ്യൻ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും യോഗ്യത രേഖപ്പെടുത്തിയിട്ടില്ലെന്നും കുറിപ്പടിയിൽ രജിസ്റ്റർ നമ്പർ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. വൻതോതിൽ സൂക്ഷിച്ചിരുന്ന സ്റ്റിറോയ്ഡ് ഡ്രഗ് ഇന്റലിജന്റ്സ് വിഭാഗം കസ്റ്റഡിയിലെടുത്തു.എന്നാൽ യോഗ്യതയുള്ളതിനാൽ ചികിത്സ നടത്താൻ ഡോക്ടർക്ക് തടസമില്ലെന്നും അധികൃതർ അറിയിച്ചു.