തൃശൂർ: കഞ്ചാവ് വില്പന സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് മുണ്ടൂരിൽ രണ്ട് യുവാക്കളെ പിക്കപ്പ് വാൻ കൊണ്ട് ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് വൈകുന്നേരത്തോടെ രേഖപ്പെടുത്തിയേക്കും. പ്രാഥമിക അന്വേഷണത്തിൽ പ്രതിചേർത്തിട്ടുള്ള ഇവരിൽ ചേർപ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ഒരു മകൻ ഉൾപ്പെടെ മൂന്നുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. രണ്ടുപേർ തമിഴ്‌നാട് അതിർത്തിയിൽ പൊലീസ് വലയത്തിലുമാണ്.
തമിഴ്‌നാട്ടിലെ കഞ്ചാവ് ലോബികളുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട മൂന്നുപേരിൽ ഒരാളെ ഇന്നലെ വൈകുന്നേരമാണ് പിടികൂടിയത്. ഇയാളെ രാത്രിയോടെ തൃശൂരിലെത്തിച്ചു. പൊലീസ് വലയത്തിലുള്ള രണ്ടുപേരും ഒരേ വാഹനത്തിലാണ് സഞ്ചരിക്കുന്നത്. ഇന്നലെ രാവിലെ സ്വിഫ്റ്റ് മാരുതി കാറിൽ അതിർത്തിയിൽ സഞ്ചരിച്ചിരുന്ന രണ്ടുപേരും ഉച്ചയോടെ യാത്ര മറ്റൊരു വാഹനത്തിലാക്കി. ഇത് പൊലീസ് തിരിച്ചറിഞ്ഞപ്പോഴേക്കും ഇവർ മറ്റൊരിടത്ത് എത്തിയിരുന്നു. പ്രതികൾ രണ്ടാമത് സഞ്ചരിക്കുന്ന വാഹനവും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ വീടുകളിലെല്ലാം ഇന്നലെയും പൊലീസ് തെരച്ചിൽ നടത്തി. മുൻപഞ്ചായത്ത് പ്രസിഡന്റിന്റെ വാടകവീട് അടച്ചിട്ട നിലയിലായിരുന്നു. പ്രതികളായ അഞ്ചുപേർക്കെതിരെയും ജില്ലയിലെ സ്റ്റേഷനുകളിൽ വിവിധ കേസുകൾ നിലവിലുണ്ട്. ഇവരുടെ മാതാപിതാക്കളെ പലതവണ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തങ്ങളുടെ കൺട്രോളിൽ നിൽക്കുന്നവരല്ല മക്കളെന്നും അവരെ കൈയൊഴിഞ്ഞെന്നും മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു.
പ്രതികളെ രക്ഷപ്പെടുത്താൻ പ്രതികളുടെ അമ്മ കൂടിയായ മുൻ പഞ്ചായത്ത് പ്രസിഡന്റ് സഹായിച്ചതായി പൊലീസിന് സംശയമുണ്ട്. അന്വേഷണത്തിൽ ഇത് വ്യക്തമായാൽ രണ്ടാംഘട്ടത്തിൽ ഇവരെക്കൂടി പ്രതിയാക്കിയേക്കും. സിറ്റി പൊലീസ് കമ്മിഷണർ യതീഷ്‌ചന്ദ്രയുടെ മേൽനോട്ടത്തിൽ ഗുരുവായൂർ എ.സി.പി ബിജുലാലാണ് കേസന്വേഷിക്കുന്നത്. രണ്ടുസംഘങ്ങളായി തിരിഞ്ഞാണ് ഇന്നലെ തെരച്ചിൽ നടത്തിയത്. ഉരുളി പാലയിൽ പാവറട്ടിക്കാരൻ വീട്ടിൽ ശ്യാം (24), മുണ്ടത്തിക്കോട് ചൊവ്വല്ലൂർക്കാരൻ വീട്ടിൽ ക്രിസ്റ്റോ (25) എന്നിവരാണ് കൊല്ലപ്പെട്ടത്.
പിക്കപ്പ് വാൻ കണ്ടെടുത്തു
ഗുണ്ടാസംഘങ്ങൾ ശ്യാമിനെയും ക്രിസ്റ്റോയെയും ഇടിച്ചുവീഴ്ത്താൻ ഉപയോഗിച്ച പിക്കപ്പ് വാൻ വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പ്രസാദ് ഇന്നലെ ആശുപത്രി വിട്ടു. രാജേഷ് അപകടനില തരണം ചെയ്തു.
150തിലധികം ക്രിമിനലുകൾ പിടിയിൽ
ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേസുകളിൽ പ്രതികളായ 150തിലധികം ക്രിമിനലുകളെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു. ഗുണ്ടകൾ, മയക്കുമരുന്ന് കാരിയർമാർ, ക്രിമിനലുകൾ എന്നിവരാണ് അകത്തായത്. ഇവരിൽ രണ്ടിൽക്കൂടുതൽ ക്രിമിനൽ കേസുള്ളവർക്കെതിരെ കാപ്പ ചുമത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര പറഞ്ഞു.