തൃശൂർ: ഗുണ്ടകൾക്കും കഞ്ചാവ് മാഫിയക്കുമെതിരെ പൊലീസ് നടപടി കർശനം. തൃശൂരിനടുത്തു മുണ്ടൂരിൽ കഴിഞ്ഞ ദിവസം പിക്കപ്പ്‌വാൻ കൊണ്ട് ഇടിച്ചുവീഴ്ത്തി രണ്ടു ബൈക്കു യാത്രികരെ വെട്ടിക്കൊന്ന കേസ് ലഹരിമാഫിയയുടെ കുടിപ്പകയാണെന്നു വ്യക്തമായതോടെയാണ് കൂട്ടത്തോടെ കഞ്ചാവു സംഘങ്ങളെ പൊക്കുന്നത്. ജില്ലയിൽ ഇന്നലെ നടത്തിയ ഗുണ്ടാ റെയ്ഡിൽ 141 ഓളം പേർ അറസ്റ്റിലായി. 9 പേരെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. ഇനിയും നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. 10 ഓളം പേർ പൊലീസ് നിരീക്ഷണത്തിലാണ്.
ഗുണ്ടകളുടെയും കഞ്ചാവു കേസിൽ മുമ്പ് അറസ്റ്റിലായവരുടെയും അബ്കാരി കേസുകളിൽ ഉൾപ്പെട്ടവരുടെയും തുടർപ്രവർത്തനം നിരീക്ഷിച്ച ശേഷമാണ് പൊലീസ് നടപടി. പലരും ഗുണ്ടാലിസ്റ്റിലുള്ളവരെ അടക്കം ചോദ്യം ചെയ്യും. അറസ്റ്റിലായവർ വിവിധ കേസുകളിൽ ജാമ്യത്തിലിറങ്ങിയവരാണ്. കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്ത് അടക്കം പലർക്കും ജില്ലയിൽ പ്രവേശന വിലക്കുണ്ട്.
മിക്ക ഗുണ്ടാ സംഘങ്ങൾക്കും കഞ്ചാവു ലോബികളുമായി ബന്ധമുണ്ടെന്നു വ്യക്തമായതോടെയാണ് പൊലീസ് വ്യാപകമായ വല വിരിച്ചത്.
ജില്ലയിൽ അറിയപ്പെടുന്ന ഗുണ്ടകൾ പോലും പണമുണ്ടാക്കാൻ കഞ്ചാവിന്റെ ലഹരിത്തണലിലേക്കു ചേക്കേറിയതോടെ മയക്കുമരുന്നു മാഫിയകളുടെ വിളയാട്ടം നിയന്ത്രണാതീതമായി. നിസാര പ്രശ്‌നങ്ങളുണ്ടായാൽ പോലും അതിരൂക്ഷമായി പ്രതികരിക്കുന്നവരാണ് കഞ്ചാവു സംഘാംഗങ്ങളെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. കൈനിറയെ പണവും മസിൽപവറും ലഹരി നൽകുന്ന അമിത ധൈര്യവുമാണ് കഞ്ചാവു സംഘങ്ങളെ നയിക്കുന്നത്. മുണ്ടൂർ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് പൊലീസ് ശുദ്ധീകരണത്തിനിറങ്ങുന്നത്.
രക്ഷിതാക്കൾ ശ്രദ്ധിക്കണം
വിദ്യാർത്ഥികളും, യുവജനങ്ങളും എളുപ്പത്തിൽ പണമുണ്ടാക്കാനും, ഉപയോഗത്തിനുമായി കഞ്ചാവ് മാഫിയകളിൽ ചെന്ന് ചാടി അക്രമാസക്തമായി അഴിഞ്ഞാടുന്ന സ്ഥിതിയിലേക്ക് മാറുന്നത് തടയാൻ കർശന നടപടികളിലേക്കാണ് നീങ്ങുന്നത്. ന്യൂജെൻ ബൈക്കുകളിൽ കറങ്ങി നിയമം കൈയിലെടുക്കുന്നതും, പരസ്യമായി മദ്യപാനം നടത്തുന്നതും, കഞ്ചാവ് ഉപയോഗിക്കുന്നതും കണ്ടാലുടൻ ആർക്കും വിവരം നൽകാം. കൂടുതൽ പണവും, ക്ലാസ് കട്ട് ചെയ്തുള്ള കറക്കവും കണ്ടാലുടൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു.