തൃശൂർ: തിരഞ്ഞെടുപ്പ് പൂരം കഴിഞ്ഞു, ഇനി ശക്തന്റെ തട്ടകം സാക്ഷാൽ പൂരത്തിലേക്ക്. പൂരാവേശം നിറച്ച് ഇന്ന് പാറമേക്കാവ് വിഭാഗം പന്തലിന് കാൽനാട്ടും. തിരുവമ്പാടി വിഭാഗം ഞായറാഴ്ച പന്തലുകൾക്ക് കാൽ നാട്ടും. പാറമേക്കാവ് വിഭാഗം ഇന്ന് രാവിലെ 8.45ന് മണികണ്ഠനാലിൽ കാൽനാട്ട് കർമ്മം നിർവഹിക്കും. ചേറൂർ സ്വദേശി പള്ളത്ത് മണികണ്ഠനാണ് പന്തലൊരുക്കുന്നത്.
തിരുവമ്പാടി വിഭാഗം ഞായറാഴ്ച രാവിലെ 9.30നും പത്തിനും നടുവിലാലിലും നായ്ക്കനാലിലും പന്തലിന് കാൽനാട്ടും. നടുവിലാലിൽ കാനാട്ടുകര ദാസനും നായ്ക്കനാലിൽ മിണാലൂർ ചന്ദ്രനുമാണ് പന്തലൊരുക്കുന്നത്. പൂരം ഹരിതാഭമാക്കാൻ മന്ത്രി വി.എസ്. സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. എല്ലാ വാഹനങ്ങൾക്കും കടന്ന് പോകാൻ കഴിയുംവിധം പൂരം പന്തലുകളുടെ ഉയരം വർദ്ധിപ്പിക്കണമെന്ന സിറ്റി പൊലീസ് മേധാവി യതീഷ് ചന്ദ്രന്റെ നിർദ്ദേശം യോഗം അംഗീകരിച്ചു.
എഴുന്നള്ളിപ്പിനുള്ള ആനകളുടെയും, പാപ്പാൻമാരുടെയും പട്ടിക മുൻകൂട്ടി വൈൽഡ് ലൈഫ് ഉദ്യോഗസ്ഥർക്ക് നൽകും. ആനകൾക്ക് മതിയായ വിശ്രമം നൽകും. ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കും. ഇതിനായി പ്രത്യേക സ്‌ക്വാഡ് പ്രവർത്തിക്കും. വെടിക്കോപ്പുകൾ ഒരുക്കുന്നത് പരിശോധിക്കാൻ പൊലീസ് 25 അംഗ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. മേയ് 13,14 തീയതികളിലാണ് ഇത്തവണ പൂരം. 11-ാം തിയതിയാണ് സാമ്പിൾ വെടിക്കെട്ട്.
മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ ടി.വി. അനുപമ, സിറ്റി പൊലീസ് മേധാവി യതീഷ്ചന്ദ്ര, എ.ഡി.എം. റെജി പി. ജോസഫ്, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.