kanjavu
കഞ്ചാവ് ചെടി

ചാവക്കാട്: മണത്തല ബേബി റോഡ് സരസ്വതി സ്‌കൂളിനടുത്ത് വീട്ടു വളപ്പിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. കണ്ടരാശ്ശേരി രാധാകൃഷ്ണന്റെ വീട്ടു പറമ്പിനു പിറകു വശത്ത് അലക്കു കല്ലിനോട് ചേർന്നാണ് മൂന്നടി ഉയരത്തിലുള്ള മൂപ്പെത്താറായ കഞ്ചാവ് ചെടി കണ്ടെത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വൈകിട്ട് നാലോടെ ചാവക്കാട് സി.ഐ: എം.കെ. സജീവിന്റെ നേതൃത്വത്തിൽ എസ്.ഐ: ശശീന്ദ്രൻ മേലയിൽ, സി.പി.ഒമാരായ അബ്ദുൽ റഷീദ്, ആശിഷ്, ശരത്ത്, ഷിനു നിധിൻ എന്നിവരടങ്ങിയ പൊലീസ് സംഘം സ്ഥലത്തെത്തി. പിന്നീട് നടപടികൾക്കായി കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്തു. അതേസമയം വീട്ടുകാർക്ക് ഇതേക്കുറിച്ച് അറിയില്ലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ചാവക്കാട് കോടതിക്ക് എതിർവശത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുന്നിൽ നിന്നും രണ്ടു കഞ്ചാവ് ചെടികൾ കണ്ടെത്തിയിരുന്നു. കെട്ടിടത്തിന് മുന്നിലെ പുല്ലുകൾക്കിടയിലായിരുന്നു കഞ്ചാവ് ചെടികൾ വളർന്നു നിന്നിരുന്നത്.