i-m-vijayan-50-birth-day
i m vijayan 50 birth day

അമ്പതാം പിറന്നാൾ ദിനത്തിലും
വിജയന് ഫുട്ബാൾ തന്നെ തന്റെ എല്ലാം


തൃശൂർ: ഇന്ത്യൻ ഫുട്ബാളിന് കേരളം സമ്മാനിച്ച പൊൻമുത്ത് ഐ.എം വിജയന്റെ അമ്പതാം പിറന്നാൾ സന്തോഷത്തിലായിരുന്നു ഇന്നലെ കായിക കേരളം. സോഷ്യൽ മീഡിയയിൽ തങ്ങളുടെ പ്രിയപ്പെട്ട വിജയേട്ടന് ആശംസകൾ നേരുന്ന തിരക്കായിരുന്നു ആരാധകർക്ക്. എന്നാൽ പിറന്നാൾ ദിനത്തിലും വിജയന് കളിക്കളം വിട്ടൊരു ആഘോഷമില്ലായിരുന്നു. പിറന്നാൾ സുദിനത്തിലും കുട്ടികളെ പരിശീലിപ്പിക്കുന്ന തിരക്കിലായിരുന്നു വിജയൻ. തുടർന്ന് കുടുംബാംഗങ്ങളോടും സുഹൃത്തുക്കൾക്കുമൊപ്പം ചെറിയ ആഘോഷം. പ്രായമെത്രയായാലും മരിക്കുന്നത് വരെ ഫുട്‌ബാൾ വിട്ടൊരു ജീവിതമില്ലെന്ന് ഐ.എം. വിജയൻ പറയുന്നു.

ഫുട്‌ബാൾ കളിക്കുന്നത് കാലുകൊണ്ടായിരിക്കണം. അത് തലയ്ക്ക് പിടിക്കരുത്. ഫുട്‌ബാളിനെ സ്‌നേഹിക്കുന്ന ആരാധകരാണ് കളിക്കാരെ വലുതാക്കുന്നതും ചെറുതാക്കുന്നതും - വിജയൻ ഓർമിപ്പിച്ചു.

ഇന്ത്യക്കായി നേടിയ 40 അന്തർദേശീയ ഗോളുകൾ നേടിയ വിജയൻ ഇല്ലായ്മയിൽ നിന്നാണ് ഉയരങ്ങൾ കീഴടക്കിയത്. തൃശൂർ നഗരത്തിനടുത്തുള്ള കോവിലകത്തുംപാടത്ത് ഐനിവളപ്പിൽ മണിയുടെയും കൊച്ചമ്മുവിന്റെയും മകനായി 1969 ഏപ്രിൽ 25നാണ് വിജയന്റെ ജനനം. കോർപറേഷൻ സ്റ്റേഡിയത്തിൽ സ്‌പോർട്‌സും ഗെയിംസുകളുമൊക്കെ നടക്കുമ്പോൾ അവിടെ 10 പൈസ ലാഭത്തിന് സോഡ വിറ്റുകൊണ്ടായിരുന്നു വിജയന്റെ തുടക്കം. പതിനെട്ടാം വയസിൽ തന്നെ കേരളാ പൊലീസിന്റെ ഫുട്‌ബാൾ ടീമിൽ അംഗമായി. ഫെഡറേഷൻ കപ്പ് ഉൾപ്പെടെ വിവിധ രാജ്യത്തെ എല്ലാ കീരിടങ്ങളും കരസ്ഥാമക്കി.

പൊലീസ് ടീമിലെത്തി നാലാം വർഷം കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാൻ വിജയനെ സ്വന്തമാക്കി. ജെ.സി.ടി മിൽസ് ഫഗ്വാര, എഫ്.സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്‌സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്‌ബാൾ ക്ലബുകളിൽ വിജയൻ കളിച്ചിട്ടുണ്ട്. 1992ൽ ഇന്ത്യൻ ദേശീയ ടീമിലെത്തിയ വിജയൻ ഇന്ത്യയ്ക്കു വേണ്ടി 79 രാജ്യാന്തര മത്സരങ്ങൾ കളിച്ച് 40ഗോളുകൾ നേടി. 2003ലെ ആഫ്രോ ഏഷ്യൻ ഗെയിംസിൽ നാലുഗോളുകൾ നേടി ടോപ് സ്‌കോറർ ആയി. 1992 ൽ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ കളി തുടങ്ങി 12-ാമത്തെ സെക്കന്റിൽ നേടിയ അതിവേഗ ഗോൾ വിജയന്റെ ഫുട്‌ബോൾ ജീവിതത്തിലെ പൊൻതൂവൽ തന്നെയാണ്.

1991 മുതൽ 2006 വരെ വിവിധ ക്ലബുകൾക്കായി 250 ഗോളുകൾ വിജയൻ നേടിയിട്ടുണ്ട്. 2003 ൽ കായികതാരങ്ങൾക്കുള്ള പരമോന്നത ബഹുമതിയായ അർജുന അവാർഡ് കരസ്ഥമാക്കിയ വിജയൻ 2015 ൽകേന്ദ്ര സ്‌പോർട്‌സ് കൗൺസിൽ അംഗമായി. ഫുട്‌ബാൾ ജീവിതത്തോടൊപ്പം സിനിമാരംഗത്തും വിജയൻ സജീവമായിരുന്നു. ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചിത്രത്തിലൂടെയായിരുന്നു വിജയന്റെ നടനെന്ന രീതിയിലുള്ള സിനിമയിലൂടെ രംഗപ്രവേശം. കേരള പൊലീസ് ടീമിലേക്ക് തിരിച്ചെത്തിയ വിജയൻ ഇപ്പോൾ സർക്കിൾ ഇൻസ്പെക്ടറാണ്.