തൃശൂർ: കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ ജില്ലയിൽ എഴുന്നള്ളിപ്പിനു വിലക്കു നീക്കാമെന്ന ഉത്തരവ് പുറപ്പെടുവിക്കാത്തതിനെ തുടർന്ന് വീണ്ടും പ്രതിസന്ധി. കഴിഞ്ഞ 10ന് തലസ്ഥാനത്ത് വനം, കൃഷി മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ കൊമ്പന് തൃശൂരിൽ ആഴ്ചയിൽ മൂന്നു ദിവസം എഴുന്നള്ളിപ്പിനു അനുമതി നൽകാമെന്നു തീരുമാനിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പു മൂലം ഉത്തരവ് ഇറങ്ങുന്നതു വൈകി. അനിശ്ചിതത്വം മാറിയില്ലെങ്കിൽ ഉത്സവാഘോഷ നടത്തിപ്പുകളെ പ്രതികൂലമായി ബാധിച്ചേക്കും.
ഇന്നലെ രാവിലെ കളക്ടർ വിളിച്ച ഫെസ്റ്റിവൽ ജില്ലാതല മോണിറ്ററിംഗ് സമിതിയോഗത്തിൽ ഉത്തരവു വരാത്തതു മൂലം ആനയുടെ എഴുന്നള്ളിപ്പിനു അനുമതി നൽകാനാകില്ലെന്നു കളക്ടർ നിലപാടെടുത്തു. ഉച്ചയ്ക്കുശേഷം നടന്ന പൂരം ആലോചനായോഗത്തിലും വിഷയം ഉന്നയിച്ചു. പൂരത്തലേന്ന് തെക്കേഗോപുരനട തള്ളിത്തുറക്കുന്നത് ഏതാനും വർഷമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ഇതടക്കമുള്ള ചടങ്ങുകളെ പ്രശ്‌നം ബാധിക്കുമെന്ന് പലരും ചൂണ്ടിക്കാട്ടി. തുടർന്ന് ഇക്കാര്യത്തിൽ മുൻതീരുമാനം നടപ്പാക്കാനാകുമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ വിശദീകരിച്ചു. മന്ത്രിസഭായോഗത്തിൽ വിഷയം ഉന്നയിക്കാമെന്നും മന്ത്രി അറിയിച്ചു.
അതേസമയം സർക്കാർ തീരുമാനം നടപ്പാക്കാത്ത സാഹചര്യത്തിൽ ആന ഉടമസ്ഥ സംഘം ജനറൽ സെക്രട്ടറി പി.ശശികുമാറിന്റെ നേതൃത്വത്തിൽ ഇറങ്ങിപ്പോയി. നിഷേധ നിലപാടു തുടർന്നാൽ ആനകളെ ഉത്സവങ്ങൾക്കു വിട്ടു നൽകുന്ന കാര്യവും പുനഃപരിശോധിക്കുമെന്ന് സംഘടന വ്യക്തമാക്കി.