ചാവക്കാട്: ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിൽ ആഴക്കടലിൽ കോസ്റ്റൽ പൊലീസിന്റെ പരിശോധന ശക്തമായി തുടരുന്നു. സ്‌ഫോടനം നടത്തിയവർ ഇന്ത്യയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയിട്ടുള്ളത്.

മുനക്ക കടവ് കോസ്റ്റൽ പൊലീസ് സി.ഐ റബിഅത്ത്, എസ്.ഐമാരായ അനുദാസ്, അമീറലി, ഹരീന്ദ്രൻ, അഹമ്മദ് കുട്ടി, എസ്.സി.പി.ഒ സജീവ്, സി.പി.ഒ ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് കടലിൽ ശക്തമായ പരിശോധന നടത്തുന്നത്. ദിവസം മൂന്ന് തവണയെങ്കിലും സംഘം കടലിൽ പരിശോധനക്കിറങ്ങുന്നുണ്ട്. കോസ്റ്റൽ പൊലീസിന്റെ ബോട്ട് തകരാറിലായതിനാൽ ഫിഷറീസ് ഡിപ്പാർട്‌മെന്റ് വാടകക്കെടുത്ത ബോട്ടിലാണ് സംഘം പരിശോധന നടത്തുന്നത്. സംശയകരമായ രീതിയിൽ സമുദ്രാതിർത്തിയിലൂടെ സഞ്ചരിക്കുന്ന ബോട്ടുകളെല്ലാം പരിശോധിക്കുകയാണ് ലക്ഷ്യം. ബോട്ടുകളുടെ രേഖകൾ അടക്കമുള്ളവ പരിശോധന നടത്തിയ ശേഷമാണ് വിട്ടയക്കുന്നത്.

ഇതോടൊപ്പം മദ്യം, സ്പിരിറ്റ് കടത്ത് പരിശോധനയും ഊർജ്ജിതമാണ്. പലപ്പോഴും ഏഴ് നോട്ടിക്കിൽ മൈൽ ദൂരം വരെ പരിശോധനക്കായി പൊലീസ് സംഘം ബോട്ടിൽ സഞ്ചരിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലയളവിലും കടലിൽ പരിശോധനയുണ്ടായിരുന്നു. ഇന്ന് കടലിൽ പരിശോധനക്കിറങ്ങിയ സംഘം സംസ്ഥാനത്ത് മഴയ്ക്കും, ചുഴലിക്കാറ്റിനും സാധ്യത മുൻ നിറുത്തി കടലിൽ മത്സ്യ ബന്ധനം നടത്താനിറങ്ങിയവർക്ക് നേരിട്ട് മുന്നറിയിപ്പ് നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം കോസ്റ്റ് ഗാർഡ് സംഘവും മേഖലയിൽ ആകാശ നിരീക്ഷണം നടത്തിയിരുന്നു.