പെരിങ്ങോട്ടുക: ചെമ്മാപ്പിള്ളിയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നു. പെരിങ്ങോട്ടുകര സ്വദേശികളായ അറക്കപ്പറമ്പിൽ വിനയൻ (23), പുതിയേടത്ത് മിഥുൻ (25), കണാറ വീട്ടിൽ ലനീഷ് എന്നിവരെയാണ് അന്തിക്കാട് സി.ഐ: മുഹമ്മദ് ഹനീഫിന്റെ നേതൃത്വത്തിൽ ചെമ്മാപ്പിള്ളിയിൽ എത്തിച്ചത്.

ഇവരുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്ന കണാറ വീട്ടിൽ പ്രതിൻ (46) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് വ്യാഴാഴ്ച്ചയാണ് മരിച്ചത്. വൈകിട്ട് വീടിന് സമീപം കൂട്ടുകാരോടൊത്ത് സംസാരിച്ചു നിൽക്കുകയായിരുന്ന പ്രതിനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവം നടന്ന വഴിയരികിൽ പ്രതികൾ കൊല ചെയ്ത രീതികൾ പൊലീസിനോട് വിവരിച്ചു. മരിച്ച പ്രതിന്റെ ചെരിപ്പുകൾ സമീപത്തെ തോട്ടിൽ നിന്നും കണ്ടെടുത്തു. പ്രതിന്റെ മുഖത്തടിക്കാൻ ഉപയോഗിച്ച് കൊന്നമരത്തിന്റെ വടിയും, വലിയ കല്ലുകളും പ്രതികൾ പൊലീസിന് കാണിച്ചു കൊടുത്തു. സംഭവത്തിൽ പന്ത്രണ്ടോളം പേരുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പത്ത് പേർക്കെതിരെയാണ് നിലവിൽ കേസ് എടുത്തിട്ടുള്ളത്.

പ്രധാന പ്രതികളായ ഇവരെ സംഭവത്തിന് അടുത്ത ദിവസം തന്നെ പിടികൂടിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന. സീനിയർ സി.പി.ഒ സുമൽ, ഷറഫുദ്ദീൻ, ലെനിൻ, ബിനു മോൻ, ആദിഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ടു വന്നത്...