തൃശൂർ: നാല് പഠനവകുപ്പുകൾ സ്ഥാപിക്കാൻ കാർഷിക സർവകലാശാല അക്കാഡമിക് കൗൺസിൽ തീരുമാനിച്ചു. ഓർഗാനിക് ഫാമിംഗ്, റിമോട്ട്‌സെൻസിംഗ് ആൻഡ് ജി.ഐ.എസ്, നാനോ സയൻസ്, ഐ.പി.ആർ ആൻഡ്‌ ടെക്‌നോളജി, മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലെ ഉന്നതപഠനവും ഗവേഷണവും സാദ്ധ്യമാക്കാനാണ് വകുപ്പുകൾ സ്ഥാപിക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ.ആർ. ചന്ദ്രബാബു പറഞ്ഞു. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളിലെ ഗവേഷണവും സാങ്കേതിക മുന്നേറ്റവും കാർഷിക പുരോഗതിക്ക് ആക്കം കൂട്ടുമെന്നും പരിസ്ഥിതി സംരക്ഷണമുൾപ്പെടെയുള്ള കാര്യങ്ങളിൽ സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.

പി.ജി, പി.എച്ച്.ഡി വിദ്യാർത്ഥികൾക്ക് ഗവേഷണാവശ്യത്തിനുള്ള യാത്രാപ്പടി വർദ്ധിപ്പിക്കാനും, ബിരുദതലത്തിൽ ഓൺലൈൻ പരീക്ഷാ സമ്പ്രദായം ഏർപ്പെടുത്താനും വിദ്യാർത്ഥികൾക്കായി പരാതി പരിഹാര സെൽ സ്ഥാപിക്കാനും കൗൺസിൽ തീരുമാനിച്ചു. ബി.എസ്.സി അഗ്രിക്കൾച്ചറൽ കോഴ്‌സിലേക്ക് പ്രവേശനം തേടുന്ന കൃഷിവകുപ്പിലെ അഗ്രിക്കൾച്ചറൽ അസിസ്റ്റന്റുമാർക്കായി പ്രത്യേക പ്രവേശന പരീക്ഷ നടത്തും. സഹകരണ ബാങ്കിംഗ് ബിരുദ കോഴ്‌സിന്റെ പേരുമാറ്റം, ഹോർട്ടികൾച്ചറൽ കോഴ്‌സിന്റെ പേരുമാറ്റം, ഇതര സർവകലാശാല കോഴ്‌സുകളുടെ തുല്യത എന്നീ വിഷയങ്ങൾ വിശദമായി പഠിച്ച് റിപ്പോർട്ട്‌ നൽകാൻ അഗ്രിക്കൾച്ചർ ഫാക്കൽറ്റി ഡീനിന്റെ നേതൃത്വത്തിലുള്ള ഉപസമിതിയെ നിയോഗിച്ചു . വൈസ് ചാൻസലറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ രജിസ്ട്രാർ ഡോ.ഡി. ഗിരിജ, പരീക്ഷാ കൺട്രോളർ ഡോ. സക്കീർ ഹുസൈൻ, ഡീൻമാരായ ഡോ.എ. അനിൽകുമാർ, ഡോ.കെ. വിദ്യാസാഗരൻ, ഡോ.കെ.കെ. സത്യൻ, വിവിധ കോളേജ്‌ മേധാവികൾ, അദ്ധ്യാപക പ്രതിനിധികളായ ഡോ. എം. ജോയി, ഡോ.കെ.പി. ശിവരാജ്, വിദ്യാർത്ഥി പ്രതിനിധി ഹേന തുടങ്ങിയവർ പങ്കെടുത്തു...