തൃശൂർ: തൃശൂർ ലോക്‌സഭാ മണ്ഡലം ആർക്കൊപ്പം നിൽക്കുമെന്നത് പോളിംഗ് ശതമാനം ഉയർന്നിട്ടും പ്രവചനാതീതമാണെങ്കിലും തൃശൂർ നിയമസഭാ മണ്ഡലം ഒഴിച്ച് ആറിടത്തും ലീഡ് ചെയ്യുമെന്ന് കണക്കുകൂട്ടി എൽ.ഡി.എഫ്. പുതുക്കാട് ഒഴികെയുളള എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രതീക്ഷ വച്ചു പുലർത്തുകയാണ് യു.ഡി.എഫ്. മൂന്നേമുക്കാൽ ലക്ഷം വോട്ടെങ്കിലും കിട്ടുമെന്ന് കണക്ക് കൂട്ടിയാണ് എൻ.ഡി.എ വിജയപ്രതീക്ഷ പറയുന്നത്.

പ്രദേശിക ഘടകങ്ങൾ നൽകിയ കണക്ക് പ്രകാരം തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ 40,000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് എൽ.ഡി.എഫും യു.ഡി.എഫും കരുതുന്നത്.

തൃശൂർ നിയമസഭാ മണ്ഡലത്തിൽ പിന്നിലായാലും പുതുക്കാട് 14,000 വോട്ടും മണലൂരിൽ 10,000 വോട്ടും ഭൂരിപക്ഷമുണ്ടാകുമെന്ന് എൽ.ഡി.എഫ് വിശ്വസിക്കുന്നു.

ഒല്ലൂരിൽ 2000, നാട്ടികയിൽ 8,000, മണലൂരിൽ 5000, ഗുരുവായൂരിൽ 10,000 വരെ ഭൂരിപക്ഷമുണ്ടാകുമെന്നാണ് കരുതുന്നത്. സി.പി.എമ്മിന്റെ പ്രാദേശിക ഘടകങ്ങളാണ് കണക്ക് തയ്യാറാക്കിയത്. ശബരിമലവിഷയം പ്രതിഫലിച്ചിട്ടില്ലെന്നും രാഷ്ട്രീയനിലപാടുകൾ ഗുണം ചെയ്തുവെന്നും ന്യൂനപക്ഷ വോട്ടുകൾ കിട്ടിയെന്നുമുള്ള കണക്കുകൂട്ടലാണ് വിലയിരുത്തലിന്റെ അടിസ്ഥാനം. എന്നാൽ വോട്ടർമാരിൽ പകുതിയിലേറെയുള്ള സ്ത്രീ വോട്ടർമാരുടെ വോട്ട് ലഭിച്ചോ എന്നത് എൽ.ഡി.എഫിന് മുന്നിൽ ചോദ്യമായി അവശേഷിക്കുന്നുണ്ട്.

എൻ.ഡി.എയുടെ എ ക്ളാസ് നിയമസഭാമണ്ഡലം നാട്ടികയാണ്. അവിടെ 70000 ലേറെ വോട്ടാണ് പ്രതീക്ഷിക്കുന്നത്. മണലൂർ, തൃശൂർ മണ്ഡലങ്ങളിൽ 60000, പുതുക്കാട് 50000 എന്നിവിടങ്ങളിലും വോട്ട് ഉയരുമെന്നാണ് അവർ കരുതുന്നത്. ഒല്ലൂരിലാകും വോട്ട് കുറയുകയെന്നും അവർ വിലയിരുത്തുന്നു. ഗുരുവായൂർ, ഇരിങ്ങാലക്കുട മണ്ഡലങ്ങളിൽ മെച്ചപ്പെടുമെന്നും കരുതുന്നു. പാർട്ടി വോട്ടുകൾ രണ്ടര ലക്ഷത്തിലേറെയുണ്ടെങ്കിലും ഒരു ലക്ഷത്തിലേറെ സ്ഥാനാർത്ഥിയുടെ താരമൂല്യം കാരണം കൂടുമെന്നും എൻ.ഡി.എ ചൂണ്ടിക്കാണിക്കുന്നു.

ഒല്ലൂർ, ഗുരുവായൂർ, തൃശൂർ നിയമസഭാ മണ്ഡലങ്ങൾ തുണയ്ക്കുമെന്നു തന്നെയാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. യു.ഡി.എഫിന്റെ പ്രാദേശിക ഘടകങ്ങൾ വഴി ഇതുസംബന്ധിച്ച കണക്ക് ലഭിച്ചിട്ടില്ല. നാട്ടികപോലുളള തീരദേശ മേഖലകളിൽ നല്ല സാദ്ധ്യതയുണ്ടെന്നും സ്ഥാനാർത്ഥിയുടെ നാടായതിനാൽ പ്രതീക്ഷയുണ്ടെന്നും യു.ഡി.എഫ് നേതാക്കൾ പറയുന്നു. വിശ്വാസികളുടെയും ന്യൂനപക്ഷത്തിന്റെയും സ്ത്രീകളുടെയും വോട്ട് അനുകൂലമാണെന്നും അവർ വിലയിരുത്തുന്നു.

പൂർണ്ണവിശ്രമമില്ലാതെ സ്ഥാനാർത്ഥികൾ

നേതാക്കൾ വോട്ട്കണക്കിൽ കണ്ണുനടുമ്പോൾ സ്ഥാനാർത്ഥികൾ പൂർണ്ണവിശ്രമത്തിലല്ല. കൊടുംചൂടിൽ പ്രചാരണത്തിനിറങ്ങിയ ക്ഷീണം മാറ്റാതെ അവർ സജീവം. തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ തിരുവനന്തപുരത്തേക്ക് മടങ്ങിയിരുന്നു. ഒരു തമിഴ് സിനിമയിൽ ശേഷിക്കുന്ന സീനുകൾ അഭിനയിച്ച് പൂർത്തിയാക്കും. തൃശൂർ പൂരത്തിന് മണ്ഡലത്തിൽ സജീവമായുണ്ടാകും.
‌യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ ഡി.സി.സി. പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവർത്തനങ്ങളിൽ മുഴുകുകയാണ്. നിയോജക മണ്ഡലം തലത്തിലുളള യാേഗങ്ങളിലും പങ്കെടുക്കുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് പാർട്ടി മുഖപത്രത്തിന്റെ പത്രാധിപ സ്ഥാനത്ത് സജീവമാണ്. 48 ദിവസം പ്രചാരണത്തിനിറങ്ങിയെങ്കിലും ആരോഗ്യപ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു...