തൃശൂർ: വർഗീസ് രക്തസാക്ഷി ദിനത്തിൽ അനിശ്ചിതത്വത്തിന്റെ ചുവന്ന ഇടനാഴിയിലേക്ക് കൈപിടിച്ചിറങ്ങിയ മാവോയിസ്റ്റ് ദമ്പതികളായ രൂപേഷിന്റെയും ഷൈനയുടെയും കാൽപ്പാടുകൾ പിന്തുടർന്ന് മകൾ ആമിയും കൊൽക്കത്ത സ്വദേശി ഓർക്കോ ദീപും. സമരവഴികളിൽ ഹൃദയം പങ്കിട്ട ഇരുവരും മേയ് 19ന് വിവാഹിതരാകും.വലപ്പാട് ഷൈന മൻസിലിൽ ആമി, കൊൽക്കത്ത സ്വദേശി ഓർക്കോ ദീപുമായി അടുത്തത് പഠനകാലത്താണ്. ശാന്തിനികേതൻ വിശ്വഭാരതി യൂണിവേഴ്സിറ്റിയിൽ യൂറോപ്യൻ സ്റ്റഡീസിൽ ബിരുദ വിദ്യാർത്ഥിനിയാണ് ആമി. കൊൽക്കത്തയിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയായ ഓർക്കോ ദീപ് യുണൈറ്റഡ് ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫ്രണ്ടിന്റെ നേതാവാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിലെ ഒരുമിച്ചുള്ള പ്രവർത്തനം പ്രണയമായി വളർന്നു.
19 ന് രാവിലെ 10ന് തൃശൂർ വാടാനപ്പിള്ളി വ്യാപാരഭവൻ ഹാളിലാണ് ലളിതമായ വിവാഹം. ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന രൂപേഷിന് 16ന് രാവിലെ വീട്ടിലെത്തി വൈകിട്ട് മടങ്ങാൻ കൊച്ചി എൻ.ഐ.എ കോടതി അനുമതി നൽകിയിട്ടുണ്ട്. ഓർക്കോ ദീപിന്റെ മാതാപിതാക്കളെ രൂപേഷ് അന്ന് കാണും. പിറ്റേന്നാണ് വിവാഹ രജിസ്ട്രേഷൻ. ഹൃദ്രോഗ ബാധിതയായ ഉമ്മയെയും കുട്ടികളെയും സംരക്ഷിക്കാൻ ഷൈനയ്ക്ക് നേരത്തേ ജാമ്യമനുവദിച്ചിരുന്നു.
''ഒരേ ചിന്താഗതിയും പ്രത്യയ ശാസ്ത്രവുമാണ് ഓർക്കോയുമായി ഒന്നിപ്പിച്ചത്. നൈന (ഷൈനയെ മക്കൾ വിളിക്കുന്ന പേര്) ഞങ്ങളോടൊപ്പമുണ്ട്. പപ്പയും വരുമ്പോൾ സന്താേഷം.''- ആമി പറഞ്ഞു. ആമിക്ക് ഒരനുജത്തിയുണ്ട്, സവേര.
അങ്കമാലിയിൽ അറസ്റ്റിലായ സി.പി.ഐ (മാവോയിസ്റ്റ്) നേതാവ് മല്ലരാജ റെഡ്ഡിക്ക് ഒളിത്താവളമൊരുക്കിയെന്ന സംശയത്തിലാണ് രൂപേഷും ഷൈനയും നാലുവർഷം മുമ്പ് ഇന്റലിജൻസ് വിഭാഗത്തിന്റെ കണ്ണിലെ കരടായത്. താമസിയാതെ വിവിധ കേസുകളിൽപ്പെട്ട് ജയിലിലായി. ഭൂരിഭാഗം കേസുകളും (മൊത്തം 10) വ്യാജരേഖകൾ ചമച്ച് സിം കാർഡെടുത്തു, ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങൾക്കായിട്ടും മൂന്നര വർഷത്തോളം ജയിലിലടച്ചതായി ഷൈന ആരോപിച്ചിരുന്നു.
ഒളിവിലെ ഓർമ്മവഴികൾ
മുഖ്യധാരാ ഇടതുപക്ഷ രാഷ്ട്രീയത്തിൽ നിന്നാണ് പെരിങ്ങോട്ടുകര തെക്കിനിയേടത്ത് രൂപേഷ് മാവോവാദത്തിലേക്ക് എത്തുന്നത്. ഇടത് ചിന്താഗതിക്കാരിയായ ഷൈന, നാട്ടിക എസ്.എൻ കോളേജിൽ രൂപേഷിന്റെ ജൂനിയറായിരുന്നു. പ്രത്യയശാസ്ത്രം അവരെ ഒന്നിപ്പിച്ചു. പട്ടാപ്പകൽ പരസ്യമായി കൂട്ടിക്കൊണ്ടു പോകണമെന്ന തന്റെ വാശിയെ തുടർന്ന്, മൂന്നു തോക്ക് സ്വന്തമായുള്ള ഉപ്പയുടെ വെടിയേറ്റ് രക്തസാക്ഷിയാകാൻ തയ്യാറായി രൂപേഷ് വീട്ടിൽ വന്നു. സ്വർണാഭരണങ്ങൾ അഴിച്ചുവച്ച്, വീട്ടിലിടുന്ന പഴയ മിഡിയും ടോപ്പും ധരിച്ച് ഡിഗ്രി പുസ്തകങ്ങൾ നിറച്ച ബിഗ്ഷോപ്പറുമായി രൂപേഷിനോടൊപ്പം അരണ്ട നാട്ടുവെളിച്ചത്തിലൂടെ നടന്നതും വഞ്ചിയേറി ചേറ്റുവ പുഴയിലെ തുരുത്തിൽ ഒരു സഖാവിന്റെ വീട്ടിൽ എത്തിയതും ഷൈന ഓർത്തെടുത്തു. ഉമ്മയാണ്, രൂപേഷിനൊപ്പം പോയപ്പോൾ തന്നോടൊപ്പം നിലകൊണ്ടത്.