രണ്ടു പേരുടെ അറസ്റ്റ് ഇന്ന്
തൃശൂർ: കഞ്ചാവ് വില്പന സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് മുണ്ടൂരിൽ രണ്ട് യുവാക്കളെ പിക്കപ്പ് വാൻ കൊണ്ട് ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ നാലുപേർ അറസ്റ്റിൽ. മറ്റ് രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ചൊവ്വൂർ മാളിയേക്കൽ വീട്ടിൽ ജോസിന്റെ മക്കളായ ജിനോ എന്ന ഡയമണ്ട് (25), സഹോദരൻ മിജോ (23), പൂച്ചയെന്ന വിളിപ്പേരുള്ള വരടിയം ചാക്കേരി വീട്ടിൽ ജോയിയുടെ മകൻ അഖിൽ (23), വരടിയം ചിറയത്ത് വീട്ടിൽ ജെയിംസിന്റെ മകൻ സിജോ (31) എന്നിവരാണ് അറസ്റ്റിലായത്. കിഴക്കുംപാട്ടുകരയിലെ മുണ്ടശേരി വീട്ടിൽ ശ്രീധരന്റെ മകൻ അഖിലേഷ് പൊലീസ് കസ്റ്റഡിയിലുണ്ട്.
മറ്റൊരു പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മുൻ ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് മിനി ജോസിന്റെ മക്കളാണ് ജിനോയും മിജോയും. ബുധനാഴ്ച അർദ്ധരാത്രിയോടെ വരടിയം പാറപ്പുറത്ത് വച്ചാണ് ഉരുളി പാലയിൽ പാവറട്ടിക്കാരൻ വീട്ടിൽ ശ്യാം (24), മുണ്ടത്തിക്കോട് ചൊവ്വല്ലൂർക്കാരൻ വീട്ടിൽ ക്രിസ്റ്റോ (25) എന്നിവർ കൊല്ലപ്പെട്ടത്. കഞ്ചാവ് വില്പനയെ തുടർന്നുണ്ടായ തർക്കവും ഇതേ തുടർന്നുണ്ടായ വൈരാഗ്യവും കുടിപ്പകയുമാണ് ഇരുസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും വഴി തെളിച്ചതെന്ന് സിറ്റി പൊലീസ് കമ്മിഷണർ പത്രസമ്മേളനത്തിൽ പറഞ്ഞു.
അറസ്റ്റിലായവർ കഞ്ചാവ്, മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്. കോഴിക്കോട് നിന്ന് സ്വർണം തട്ടിയെടുത്ത കേസ്, തമിഴ്‌നാട്ടിൽ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെട്ട കേസുകളും ഇവർക്കെതിരെയുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഗുരുവായൂർ എ.സി.പി പി. ബിജുരാജ്, പേരാമംഗലം സി.ഐ എ.എ. അഷറഫ്, ക്രൈം സ്‌ക്വാഡ് എസ്.ഐമാരായ പി. ലാൽകുമാർ, ഗ്ലാഡ്സ്റ്റൺ, ബിനൻ, എ.എസ്.ഐമാരായ രാജൻ, എൻ.ജി. സുവ്രതകുമാർ, പി.എം റാഫി, കെ.കെ. രാഗേഷ്, അനിൽ, സുദേവ്, കെ. ഗോപാലകൃഷ്ണൻ, സിവിൽ പൊലീസ് ഓഫീസർമാരായ പഴനി, ജീവൻ, കെ. സൂരജ്, ലിന്റോ ദേവസി, സുബീർ, മനോജ്, എം.എസ്. ലിഗേഷ്, വിപിൻദാസ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്..