തൃശൂർ:കുടിപ്പകയെ തുടർന്ന് മുണ്ടൂരിൽ പ്രതികൾ രണ്ട് യുവാക്കളെ വകവരുത്തിയത് കഞ്ചാവ് ലഹരിയിലാണെന്ന് വ്യക്തമായി. സംഭവം നടന്നയുടൻ പീച്ചി വനമേഖലയിലേക്കും അവിടെ നിന്ന് കഞ്ചാവ് ലോബിയുടെ സഹായത്തോടെ കോയമ്പത്തൂരിലേക്കും രക്ഷപ്പെടാനായിരുന്നു അക്രമികളുടെ ലക്ഷ്യം. വഴികളെല്ലാം പൊലീസ് അടച്ചതോടെ നിസഹായരായി.
കഞ്ചാവ് കൈവശം വച്ചത് ഒറ്റുക്കൊടുത്തതിലൂടെ, അറസ്റ്റിലായ ജിനോ, മിജോ എന്നിവരുടെ ഗുണ്ടാസംഘത്തെ വെല്ലുവിളിച്ച് നടക്കുകയായിരുന്നു കൊല്ലപ്പെട്ട ക്രിസ്റ്റോയും ശ്യാമും ഉൾപ്പെട്ട സംഘം. ഇതിന്റെ പ്രതികാരമാണ് രണ്ടുപേരുടെയും കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
വെട്ടിയത് ജിനോ, വാഹനം ഓടിച്ചത് സിജോ
അറസ്റ്റിലായ ജിനോ, മിജോ, സിജോ എന്നിവരുടെ വീടുകളിലേക്ക് പടക്കം എറിഞ്ഞും ഫോണിലൂടെ ഭീഷണിപ്പെടുത്തിയും രണ്ടു ഡ്യൂക്ക് ബൈക്കുകളിൽ സഞ്ചരിക്കുകയായിരുന്നു കൊല്ലപ്പെട്ട ക്രിസ്റ്റോയും ശ്യാമും പരിക്കേറ്റ പ്രസാദും രാജേഷും. രണ്ടു ബൈക്കുകളിലായിരുന്നു നാലുപേരടങ്ങുന്ന സംഘം. നിങ്ങളുടെ വീട്ടിലേക്ക് പടക്കം എറിയും. നിങ്ങളുടെ അമ്മയെ കൊല്ലും എന്ന് ഫോണിൽ ഭീഷണി മുഴക്കിയ ശേഷമാണ് ഇവർ പുറപ്പെട്ടത്. ഇതറിഞ്ഞാണ് ബൊലെറോ പിക്കപ്പ് വാനിൽ ജിനോയും മിജോയും ഉൾപ്പെടുന്ന ആറംഗസംഘം ഇവരെ പിന്തുടർന്നത്. സിജോയാണ് വാഹനം ഓടിച്ചത്. മൂന്നു പേർ വാഹനത്തിനകത്തും മൂന്നു പേർ പുറത്ത് നിൽക്കുകയുമായിരുന്നു. ആദ്യം ക്രിസ്‌റ്റോയെയും ശ്യാമിനെയും സിജോ ഇടിച്ചുവീഴ്ത്തി. ക്രിസ്‌റ്റോയുടെ വയറിലൂടെ വാഹനം കയറിയിറങ്ങി. പിക്കപ്പ് വാനിന്റെ പിറകിലുണ്ടായിരുന്ന മൂന്നുപേർ ചാടിയിറങ്ങി. സിജോ വാഹനം ഓടിച്ച് മുന്നോട്ടുപോയി പ്രസാദിനെയും രാജേഷിനെയും ഇടിച്ചുവീഴ്‌ത്തി. തിരിച്ചുവന്നു നോക്കുമ്പോൾ ക്രിസ്റ്റോയ്‌ക്കും ശ്യാമിനും ജീവനുണ്ടെന്ന് മനസിലായതോടെ വടിവാൾ ഉപയോഗിച്ച് ക്രിസ്‌റ്റോയുടെ തലയ്ക്ക് ജിനോ വെട്ടി. ഒറ്റവെട്ടിൽ തല രണ്ടായി പിളർന്നു. ശ്യാമിന്റെ ശരീരത്തിൽ തുടരെ വെട്ടി. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം ശ്യാമിന്റെ ശരീരത്തിൽ 52 വെട്ടുണ്ടായിരുന്നു.
പഴുതടഞ്ഞപ്പോൾ കരഞ്ഞു,
പ്രതികളുടെ വിവരം അറിഞ്ഞയുടൻ ഇവർ ബന്ധപ്പെടാൻ സാദ്ധ്യതയുള്ള മുഴുവൻ പേരുടെയും ഫോണുകൾ പൊലീസ് നിരീക്ഷണത്തിലാക്കി. ചിലരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നാണ് കൊലപാതകത്തിന് ഉപയോഗിച്ച വാഹനം വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉപേക്ഷിച്ച ശേഷം ജിനോയും സിജോയും പീച്ചി വനമേഖലയിലേക്ക് രക്ഷപ്പെട്ട വിവരം ലഭിക്കുന്നത്. വനമേഖലയിൽ നിന്ന് വ്യാഴാഴ്ച ഉച്ചയോടെ ഇരുവരെയും പിടികൂടി. പിന്നാലെ മിജോയുടെയും അഖിലിന്റെയും ഫോൺ പൊലീസിനെ തേടിയെത്തി. എവിടെ വേണമെങ്കിലും ഹാജരാകാമെന്ന് ഇരുവരും കരഞ്ഞുകൊണ്ട് അറിയിച്ചു. തുടർന്ന് ഇരുവരെയും പാലക്കാട് കിഴക്കഞ്ചേരിയിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു.