തൃശൂർ: തിരഞ്ഞെടുപ്പ് പൂരം കഴിഞ്ഞു. ഇനി നഗരം പൂരത്തിരക്കിലേക്ക്. മേയ് 13, 14 തിയതികളിലാണ് പൂരം. പൂരത്തിന്റെ ഭാഗമായുള്ള പൂരപ്പന്തൽ നിർമ്മാണം സ്വരാജ് റൗണ്ടിൽ തുടങ്ങി. പാറമേക്കാവ് വിഭാഗം മണികണ്ഠനാൽ ജംഗ്ഷനിലൊരുക്കുന്ന പൂരപ്പന്തലിന് തട്ടകക്കാരുടെ ആവേശത്തിമിർപ്പിൽ കാൽനാട്ടുകർമ്മം നടന്നു.

105 അടി ഉയരത്തിൽ നാല് നിലകളിലായി ചേറൂർ പള്ളത്ത് മണികണ്ഠനാണ് മണികണ്ഠനാലിലെ അലങ്കാരപന്തലൊരുക്കുന്നത്. ഗതാഗത തടസമില്ലാതെയാണ് പന്തൽ നിർമ്മാണം. പാറമേക്കാവിലെ മേൽശാന്തി കരേരക്കാട്ടിൽ രാമൻ നമ്പൂതിരി ഭൂമിപൂജ നടത്തി. തട്ടകക്കാർ ചേർന്നായിരുന്നു കാൽനാട്ടൽ കർമ്മം നിർവ്വഹിച്ചത്.
പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ, സെക്രട്ടറി ജി. രാജേഷ്, ജോ.സെക്രട്ടറി കെ. മഹേഷ് മേനോൻ, വൈസ് പ്രസിഡന്റ് വി.എം. ശശി പന്തൽ നിർമ്മാണകമ്മിറ്റി കൺവീനർ ബൈജു താഴേക്കാട്ട്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സജീഷ് മൂക്കോനി, ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി. നടുവിലാലിലും നായ്ക്കനാലിലുമാണ് തിരുവമ്പാടി വിഭാഗം അലങ്കാരപന്തലൊരുക്കുക. കാൽനാട്ടുകർമ്മം നാളെ രാവിലെ 9.30നും പത്തിനും ഇടയ്ക്ക് നിർവഹിക്കും. നടുവിലാലിൽ കാനാട്ടുകര ദാസനും നായ്ക്കനാലിൽ മിണാലൂർ ചന്ദ്രനുമാണ് പന്തലൊരുക്കുക...