ഗുരുവായൂർ: അമൃത് പദ്ധതിയുടെ ഭാഗമായുള്ള കാന നിർമ്മാണത്തിനിടെ വീണ്ടും ഗുരുവായൂരിൽ പൈപ്പ് പൊട്ടി. ഇന്നർ റിംഗ് റോഡിൽ പടിഞ്ഞാറെ നട ജംഗ്ഷനിലാണ് ഇന്നലെ വൈകുന്നേരം പൈപ്പ് പൊട്ടിയത്. ദേവസ്വത്തിന്റെ കുടിവെള്ള പൈപ്പാണ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് കാന നിർമ്മാണത്തിനായി കുഴിയെടുത്തതിൽ വെള്ളം നിറഞ്ഞത് സമീപത്തെ കച്ചവട സ്ഥാപനങ്ങൾക്ക് ഭീഷണിയായിട്ടുണ്ട്. കാന നിർമ്മാണത്തിനായി ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്. വെള്ളം ഒഴുകാൻ തുടങ്ങിയതോടെ കാന നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വെള്ളം കയറി. സമീപത്തെ കച്ചവടസ്ഥാപനങ്ങളുടെ അടിത്തറയിൽ നിന്നും മണ്ണ് ഇളകി വീഴാൻ തുടങ്ങി. ദേവസ്വത്തിൽ വിവരമറിയിച്ചിട്ടും ആരും തന്നെ സംഭവ സ്ഥലത്ത് എത്താത്തതിനെ തുടർന്ന് വാട്ടർ അതോറിറ്റി ജീവനക്കാർ അടിയന്തരമായി പൈപ്പ് മുറിച്ച് ഒട്ടിച്ച് വെള്ളം വരുന്നത് നിർത്തുകയായിരുന്നു. വിവരമറിഞ്ഞ് നഗരസഭാ വൈസ് ചെയർമാൻ കെ.പി. വിനോദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം. രതി, വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ എന്നിവർ സംഭവ സ്ഥലത്തെത്തി.