തൃശൂർ: കഞ്ചാവ് - മയക്കുമരുന്ന് സംഘത്തിലെത്തിപ്പെടുന്നവരുടെ എണ്ണം കൂടുന്നതോടെ, വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള കുടിപ്പകയും വർദ്ധിക്കുന്നതായി പൊലീസ്. ലഹരിക്ക് അടിമയായി ചെറുപ്രായത്തിലേ ഗുണ്ടാ പ്രവർത്തനത്തിലേക്ക് കൂടുതൽ പേർ എത്തുന്ന സാഹചര്യത്തിൽ ഇത്തരക്കാരെ പിടിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് സിറ്റി പൊലിസ് കമ്മിഷണർ യതീശ് ചന്ദ്ര അറിയിച്ചു. പ്രത്യേകസംഘം ഇന്നലെ 60 പേരെക്കൂടി പൊലീസ് കരുതൽ തടങ്കലിലാക്കി. കഴിഞ്ഞ ദിവസം 141 പേരെ തടങ്കലിലാക്കിയിരുന്നു. മുണ്ടൂരിലെ യുവാക്കളുടെ വധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഓരോ സ്റ്റേഷനിലും ഒരു എസ്.ഐയുടെയും അഞ്ച് പൊലീസുകാരുടെയും നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് ഇത്തരക്കാരെ പിടികൂടും. ഓപ്പറേഷൻ കെന്നബിസ് എന്ന പേരിലാണ് ഈ ദൗത്യം അറിയപ്പെടുക.
ഉപയോഗിക്കുന്നവരിൽ വിദ്യാർത്ഥികളേറെ
മയക്കുമരുന്നിന്റെ ഉപയോഗക്കാരിൽ കൂടുതലും യുവാക്കളും വിദ്യാർത്ഥികളുമാണ്. വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളിൽ മയക്കുമരുന്നിന്റെ ഉപയോഗം കൂടുതലാണെന്ന വിവരമുണ്ട്. കോളേജ് അധികൃതരുടെ സഹായത്തോടെയേ ഇവരെ പിടികൂടാനാകൂ. മയക്കുമരുന്നിന് അടിമപ്പെട്ട യുവാക്കളിൽ ഭൂരിഭാഗവും പിന്നീട് അക്രമം, കൊലപാതകം, കവർച്ച, അടിപിടി കേസുകളിൽ പ്രതിയാകുന്ന സാഹചര്യവുമുണ്ട്. ഈ കേസുകളിൽ മാതാപിതാക്കൾക്ക് കുട്ടികളെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്. നിലവിലുള്ള ഗുണ്ടാസംഘങ്ങൾക്ക് മയക്കുമരുന്ന് വ്യാപിപ്പിക്കുന്നതിൽ വലിയൊരു പങ്കുണ്ട്. അതുകൊണ്ടാണ് അത്തരക്കാരെ കരുതൽ തടങ്കലിലാക്കിയത്.
കടവി രഞ്ജിത്തും അറസ്റ്റിൽ
നിരവധി ക്രിമിനൽ കേസിൽ പ്രതിയായ തൃശൂരിലെ കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തും ഓപറേഷൻ കെന്നബീസിൽ അറസ്റ്റിലായി. വീട്ടിലേക്ക് പടക്കം എറിഞ്ഞ കേസിൽ അടുത്തിടെയാണ് രഞ്ജിത്ത് പുറത്തിറങ്ങിയത്. കടവിയുടെ ജില്ലയിലെ സാന്നിദ്ധ്യം കൂടുതൽ അക്രമങ്ങൾക്ക് വഴിയൊരുക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് മറ്റൊരു കേസിൽ കോടതിയെ സമീപിച്ച് കടവിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിവരം നൽകാം.
മാഫിയാ സംഘാംഗങ്ങളെകുറിച്ചും കഞ്ചാവ് കച്ചവടങ്ങളെകുറിച്ചും പൊലീസിന് രഹസ്യ വിവരം കൈമാറാം. വിവരം നൽകുന്നയാളുടെ പേര് പുറത്തുവിടില്ല.
ഫോൺ ജില്ല കൺട്രോൾ റൂം 9446032353
9497918090
ഓപറേഷൻ കെന്നബിസ്
ഓരോ സ്റ്റേഷനിലും ഒരു എസ്.ഐയുടെയും അഞ്ച് പൊലീസുകാരുടെയും നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ്
ജില്ലയിലേക്ക് മയക്കുമരുന്ന് വരുന്ന അതിർത്തി പ്രദേശങ്ങളിലും തീരദേശത്തും നിരീക്ഷണവും പരിശോധനയും
പരിശോധനയ്ക്കും നടപടികൾക്കും എക്‌സൈസ് സംഘത്തിന്റെ സഹായം