തൃശൂർ: സർക്കസ് കൂടാരത്തിലെ ബീഹാറുകാരൻ തുളസിദാസിന് വയസ് 73 ആയെങ്കിലും ഇന്നലെ ആഘോഷിച്ചത് 60ാം പിറന്നാളായിരുന്നു. വലിപ്പക്കുറവിന്റെ പേരിൽ കോമാളിയുടെ വേഷമണിഞ്ഞ് സർക്കസ് കൂടാരത്തിലെത്തിയതിന്റെ 60ാം വാർഷികമായിരുന്നു പിറന്നാളോഘോഷം. ഉയരക്കുറവുകൊണ്ട് സർക്കസ് കൂടാരത്തിലെത്തിയ മറ്റു രണ്ടുപേർക്കൊപ്പം സഹപ്രവർത്തകരായ വനിതാ താരങ്ങളും ഇന്നലെ തുളസിദാസിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കാളിയായി. മേരാനാം ജോക്കർ എന്ന സിനിമയിലെ പ്രശസ്തമായ ജീന യഹാ, മർണാ യഹാ.... എന്ന ഗാനം (ജീവിക്കുന്നതും മരിക്കുന്നതും ഇവിടെ തന്നെ) വനിതാ സഹപ്രവർത്തകർ പാടുന്നതിനിടയിൽ ചിരിയോടെ തുളസിദാസ് കേക്ക് മുറിച്ചു.
തൃശൂർ ശക്തൻ മാർക്കറ്റിനടുത്ത് പ്രദർശനം തുടരുന്ന ഗ്രേറ്റ് ബോംബെ സർക്കസ് കൂടാരത്തിലായിരുന്നു ആഘോഷം. സർക്കസ് കാണാനെത്തിയ കാണികളും ആഘോഷത്തിൽ പങ്കാളികളായി. കാണികളെ സാക്ഷിയാക്കി തുളസിദാസിന് സഹപ്രവർത്തകർ കേക്ക് നൽകി. ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ നാട്ടിൽ സർക്കസ് കാണാൻ പോയതാണ് തുളസിദാസിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ആ സർക്കസിലെ കുഞ്ഞുമനുഷ്യരെ കണ്ടപ്പോൾ അതുപോലെയാകണമെന്ന് തുളസിദാസ് തീരുമാനിക്കുകയായിരുന്നു. പിന്നീട് ബോംബെ സർക്കസിന്റെ മുതലാളിമാരെ കണ്ട് ആഗ്രഹം പറഞ്ഞു. അവർ സമ്മതം മൂളിയതോടെ കോമാളിയായി തുളസിദാസും മാറി. ജീവിതാവസാനം വരെ സർക്കസിൽ തുടരാനാണ് തുളസിദാസിന്റെ തീരുമാനം...