തൃശൂർ: ജില്ലയിലെ വോട്ടർ പട്ടികയിൽ നിന്ന് കൂട്ടത്തോടെ പേരുകൾ വെട്ടി മാറ്റിയത് യാദൃശ്ചികമല്ലെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.കെ അനീഷ്‌ കുമാർ ആരോപിച്ചു. അകാരണമായി വെട്ടി മാറ്റപ്പെട്ടത് ബി.ജെ.പി പ്രവർത്തകരുടെയും കോൺഗ്രസ് പ്രവർത്തകരുടെയും വോട്ടുകൾ മാത്രമാണ്.

പരാതിയുടെ അടിസ്ഥാനത്തിലോ അല്ലാതെയോ ഒരു വോട്ടറുടെ പേര് നീക്കം ചെയ്യുമ്പോൾ ആ വിവരം വോട്ടറെ അറിയിച്ചിരിക്കണമെന്നതാണ് നിയമമെങ്കിലും അതെല്ലാം അട്ടിമറിക്കപ്പെട്ടു. ഇത് സ്വാഭാവിക നീതി നിഷേധിക്കലാണ്. 2018 ലും 2019 ജനുവരിയിലും പ്രസിദ്ധീകരിച്ച പട്ടികയിലുണ്ടായിരുന്ന പതിനായിരത്തിലധികം പേരുടെ വോട്ടുകൾ ഫൈനൽ പട്ടിക വന്നപ്പോൾ അപ്രത്യക്ഷമായി.

ആറ് മാസത്തിലധികം സ്ഥലത്തില്ലാത്തവരുടെ വോട്ട് മാത്രമേ നീക്കം ചെയ്യാവൂ എന്നിരിക്കെ സ്ഥലത്തുള്ളവരുടെ പേര് തന്നെയാണ് വെട്ടിമാറ്റപ്പെട്ടത്. തിഞ്ഞെടുപ്പ് ഫലത്തെ തന്നെ അട്ടിമറിക്കാവുന്നതിലും അധികം വോട്ടുകൾ ഇപ്രകാരം വെട്ടിമാറ്റിയത് രാഷീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഈ ഗൂഢാലോചനയ്ക്ക് കൂട്ട് നിന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും അവരെ നീക്കം ചെയ്യാനും കളക്ടർ നടപടി സ്വീകരിക്കണം. ഗൂഢാലോചന പുറത്ത് വന്നില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അഡ്വ. അനീഷ്‌ കുമാർ പറഞ്ഞു.