തൃശൂർ: വോട്ട് ചെയ്‌തെങ്കിലും രാജന്റെ കൈവിരലിൽ ആ കറുത്ത മഷി അടയാളമില്ല ! ഉദ്യോഗസ്ഥർ മറന്നതല്ല, വോട്ടിംഗ് മഷി അലർജിയാണെന്നും ചികിത്സയിലാണെന്നുമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിന് മുന്നിൽ വഴങ്ങിയതാണവർ. അങ്ങനെ ഈ തിരഞ്ഞെടുപ്പിലെ വേറിട്ട ചൂണ്ടുവിരൽ രാജന്റേതായി.

മണലൂർ പണ്ടാരൻ വീട്ടിൽ പി.ആർ. രാജനാണ് ചൂണ്ടുവിരലിൽ മഷി പുരട്ടാതെ വോട്ടു ചെയ്തു വ്യത്യസ്തനായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തപ്പോഴാണ് രാജന്റെ ഇത്തേ ചൂണ്ടുവിരലിൽ അവസാനമായി മഷി പുരണ്ടത്. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ കടുത്ത ചൊറിച്ചിൽ തുടങ്ങി. മൂന്നുദിവസം കൊണ്ട് വിരലിന്റെ അറ്റത്തെ തൊലി പൊളിഞ്ഞു പോയി. അന്ന് കാര്യമായെടുത്തില്ലെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും ചൊറിച്ചിൽ. തൊലി പൊളിഞ്ഞു പോകുകയും ചെയ്തു. രണ്ടു ഡോക്ടർമാരെ കണ്ട് ചികിത്സ തേടി. ഗുളിക കഴിച്ചു. പുരട്ടാനുള്ള മരുന്നും തേച്ചു. അങ്ങനെയിരിക്കെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പു വരുന്നത്.

പ്രായപൂർത്തിയായി വോട്ടവകാശം കിട്ടിയതുമുതൽ ഇന്നേവരെ വോട്ട് മുടക്കിയിട്ടില്ല 79 വയസുകാരൻ രാജൻ. 21 വയസിലായിരുന്നു ആദ്യവോട്ട്. ജനറൽ ആശുപത്രിയിലെ ഡോക്ടറെ പോയി കണ്ടാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങിയത്. മണലൂർ സെന്റ് തെരേസാസ് കോൺവന്റ് സ്‌കൂളിലെ 148ാം പോളിംഗ് ബൂത്തിലായിരുന്നു വോട്ട്. വോട്ട് രേഖപ്പെടുത്താനായി പോളിംഗ് സ്റ്റേഷനിലെത്തിയെങ്കിലും മഷി പുരട്ടാതെ വോട്ട് അനുവദിക്കാൻ അവർ ആദ്യം മടിച്ചു. സർട്ടിഫിക്കറ്റ് കണ്ടപ്പോൾ പോളിംഗ് ഓഫീസർക്ക് അനുമതി നൽകേണ്ടി വന്നു. അങ്ങനെ മഷിപുരട്ടാത്ത വിരലുമായി രാജൻ ബൂത്ത് വിട്ടു.

മഷി പ്രശ്നമാണോ?

മഷി ചർമ്മത്തിന് നല്ലതല്ലെന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് രാജൻ പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച് വിദഗ്ദ്ധരുടെ മുന്നറിയിപ്പുകളില്ല. തിരഞ്ഞെടുപ്പിലെ കള്ളവോട്ടുകൾ ഒഴിവാക്കാനായി ഇന്ത്യയിൽ 1962ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതലാണ് മഷി ഉപയോഗിച്ചു തുടങ്ങിയത്. പിന്നീട് ഇന്ത്യയിൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മഷി ഉപയോഗിച്ചു വരുന്നു.

ന്യൂഡൽഹിയിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറിയാണ് മഷി വികസിപ്പിച്ചെടുക്കുന്നത്. മഷിയിൽ സിൽവർ നൈട്രേറ്റാണ് പ്രധാന ഘടകം. മറ്റുരാസ ഘടകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്ന് പറയുന്നു.

മഷി പുരട്ടിയതിനു ശേഷം മാത്രമേ വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കുകയുള്ളൂ. മൈസൂരുവിൽ സ്ഥിതിചെയ്യുന്ന മൈസൂർ പെയിന്റ്‌സ് ആൻഡ് വാർണിഷ് ലിമിറ്റഡ് ആണ് മഷി ഉത്പാദിപ്പിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങൾക്കു നടുവിൽ അതീവ രഹസ്യമായാണ് മഷിയുടെ നിർമാണം നടക്കുന്നത്. വിരലിൽ മഷി പുരട്ടിയതിനുശേഷം പത്തോ പതിനഞ്ചോ സെക്കന്റുകൾക്കുള്ളിൽ ഉണങ്ങും. ഈ സമയത്ത് മഷി തുടച്ചു കളയാൻ പാടില്ല എന്നാണ് നിയമം.