തൃശൂർ: സ്വകാര്യ ബസ് സർവീസുകളെ നിയന്ത്രിക്കാൻ ഞായറാഴ്ചകളിൽ ബംഗളൂരുവിലേക്ക് സ്‌പെഷ്യൽ ട്രെയിൻ ഓടിക്കാൻ ഉത്തരവ്. കൊച്ചുവേളി - കൃഷ്ണരാജപുരം ട്രെയിനാണ് ഇന്ന് മുതൽ ഓടിത്തുടങ്ങുക. ബംഗളൂരുവിലേക്കുള്ള സ്വകാര്യ ബസുകളിലെ അക്രമങ്ങളും അമിത ചാർജും സംബന്ധിച്ച പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് മന്ത്രി എ.കെ. ശശീന്ദ്രന്റെ നിർദ്ദേശ പ്രകാരം ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ റെയിൽവേയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സ്‌പെഷ്യൽ ട്രെയിൻ ഓടിക്കാൻ തീരുമാനമായത്.

സ്വകാര്യ ബസുകൾക്ക് കൂടുതൽ പണം വാങ്ങിക്കാൻ ഒത്താശ ചെയ്യുന്നത് റെയിൽവേയും കെ.എസ്.ആർ.ടി.സിയുമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജൻ മാസ്റ്റർ ഗതാഗതമന്ത്രിയുമായി ബന്ധപ്പെട്ട് ബംഗളൂരവിലേക്ക് കൂടുതൽ ഗതാഗത സൗകര്യം ഏർപ്പെടുത്താൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉടൻ തന്നെ ഡൽഹിയിലുണ്ടായിരുന്ന ഗതാഗത സെക്രട്ടറിയെ വിളിച്ച് റെയിൽവേ ബോർഡുമായി സംസാരിക്കാൻ മന്ത്രി നിർദ്ദേശിക്കുകയായിരുന്നു.
ട്രെയിൻ ഇന്ന് രാവിലെ അഞ്ചിന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. 10.42ന് തൃശൂരിലെത്തും. 12ന് പാലക്കാടെത്തും. സ്‌പെഷ്യൽ ട്രെയിനിൽ സീറ്റുകൾ റിസർവ് ചെയ്യാനുള്ള സൗകര്യം ഇന്നലെ ആരംഭിച്ചു.