sudarsan
സുദർശനും കുടുംബവും വീടിന് മുൻപിൽ

മാള: പ്രളയം എല്ലാം കവർന്നപ്പോൾ വീടൊരുക്കാമെന്ന സ്വകാര്യ സംഘടനയുടെ വാക്ക് വിശ്വസിച്ച് വഞ്ചിതരായ കുടുംബം മഴക്കാലത്ത് ദുരന്ത ഭീതിയിൽ. പുത്തൻചിറ പഞ്ചായത്തിലെ പത്താം വാർഡിൽ വെൺമനശ്ശേരി സുദർശനും കുടുംബവുമാണ് മാനത്ത് മഴക്കാറ് കാണുമ്പോൾ നെഞ്ചിൽ തീയുമായി കഴിയുന്നത്. പ്രളയകാലത്ത് നിരവധി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കരിങ്ങോൾച്ചിറ ജനകീയ കൂട്ടായ്മയാണ് ഇവർക്ക് വീട് നിർമ്മിച്ചു നൽകാമെന്ന് ഉറപ്പു നൽകിയത്. കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ സുദർശനന്റെ വീടിന് 2018 ഒക്ടോബർ 12 ന്് മന്ത്രി എ.സി. മൊയ്തീൻ ശിലാസ്ഥാപനം നടത്തുകയും ചെയ്തു. പിന്നീട് തറ നിർമ്മാണം പോലും പൂർത്തിയാക്കാനായില്ല. ശിലാസ്ഥാപനം നടത്തിയ ശേഷം ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കിയില്ലെന്നാണ് ആക്ഷേപം. വീട് നിർമ്മിക്കാൻ പഞ്ചായത്തിന്റെ പെർമിറ്റ് ആവശ്യമാണെന്ന് കൂട്ടായ്മ അറിയിച്ചതിനെ തുടർന്ന് ആ രേഖയും സുദർശൻ വാങ്ങി നൽകി. വീടിന്റെ തറ നിർമ്മാണത്തിന് സ്വകാര്യ വ്യക്തി ഒരു ലക്ഷം രൂപ നൽകിയതായും സൂചനയുണ്ട്. ഇനി സർക്കാർ പദ്ധതിയിൽ വീട് ലഭിക്കുന്നതിനായി ജില്ലാ കളക്ടറെ സമീപിക്കുകയാണ് ഈ കുടുംബം. ഇനി അടുത്ത ഘട്ടത്തിൽ മാത്രമേ സർക്കാരിൽ നിന്ന് വീട് നിർമ്മാണത്തിന് സഹായം ലഭിക്കൂ. വർഷക്കാലത്ത് അന്തിയുറങ്ങാൻ സുരക്ഷിതമായ ഇടമില്ലാതാകുമെന്ന അവസ്ഥയിലാണ് കുടുംബം.
വയോധികയായ അമ്മയും ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബം ഇപ്പോൾ കഴിയുന്നത് താത്കാലികമായി നിർമ്മിച്ച കുടിലിലാണ്. ഇവർ താമസിച്ചിരുന്ന ഓട് മേഞ്ഞ വീട് പ്രളയത്തിൽ മുങ്ങി തകർന്നു വീണു. അന്ന് ഭാഗ്യം കൊണ്ടുമാത്രമാണ് ഈ കുടുംബം രക്ഷപ്പെട്ടത്. ആകെയുള്ള ആറ് സെന്റ് സ്ഥലത്തെ വീട്ടിലേക്ക് സമീപത്തെ പാടശേഖരത്തിലൂടെയാണ് പ്രളയം കയറിവന്നത്. പ്രളയത്തിൽ മുങ്ങിയ വീട് തകർന്ന് വീഴുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ഈ കുടുംബം അടുത്ത വീട്ടിലേക്ക് താമസം മാറിയത്. കബളിപ്പിക്കലിന് ഇരയായ ഈ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് സി.പി.ഐ നേതാവ് ടി.എൻ വേണു ആവശ്യപ്പെട്ടു.

.........

'പ്രളയത്തിൽ വീട് തകർന്നു വീഴുകയായിരുന്നു. തുടർന്നാണ് കരിങ്ങോൾച്ചിറ കൂട്ടായ്മ വീട് നിർമ്മിച്ചുനൽകാമെന്ന് ഏറ്റത്. മന്ത്രി വന്ന് തറക്കല്ലിട്ടിട്ട് ആറ് മാസം കഴിഞ്ഞു. ഇപ്പോൾ മഴക്കാറ് കാണുമ്പോഴും മുന്നറിയിപ്പ് കേൾക്കുമ്പോഴും ഭയമാണ്. ചെറിയ കുട്ടികളും പ്രായമായ അമ്മയും ഭാര്യയുമൊത്ത് താത്കാലിക ഷെഡിലാണ് കഴിയുന്നത്.

- വെൺമനശ്ശേരി സുദർശൻ