തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുള്ള വിലക്ക് തുടരുന്നതിനെതിരെ തൃശൂർ ജില്ലാ കളക്ടർ ടി.വി. അനുപമയുടെ ഫെയ്‌സ്ബുക്ക് പേജിൽ 'സേവ് രാമൻ' പ്രതിഷേധം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരം എഴുന്നള്ളത്തിന് വിട്ട് തരണമെന്നാവശ്യപ്പെട്ട് ആനപ്രേമികളെന്ന് അവകാശപ്പെടുന്ന നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ആനയുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ഒരു ജനതയുടെ ആവേശമാണ്, വിശ്വാസമാണ് തെക്കേഗോപുര നടയിൽ രാമൻ ഉണ്ടാവണം, ദയവ് ചെയ്ത് വിലക്ക് നീക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. അതേ സമയം രാമനെ വിലക്കുക, ജനങ്ങളെ രക്ഷിക്കുക എന്ന ഹാഷ്‌ടാഗോടെ ഇതിനെതിരെ മറുവിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.

ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹപ്രവേശനത്തിനെത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞത് രണ്ട് പേരുടെ മരണത്തിനിടയാക്കിയിരുന്നു. തുടർന്നാണ് എഴുന്നെള്ളിപ്പിന് ആനയ്ക്ക് താത്കാലിക വിലക്കേർപ്പെടുത്തിയത്. തുടർന്ന് ഓരോ പതിനഞ്ച് ദിവസം കൂടുമ്പോഴും പരിശോധനയ്ക്ക് ശേഷം വിലക്ക് നീട്ടുകയാണ് ചെയ്തിരുന്നത്. തൃശൂർ പൂരത്തിന് എഴുന്നുള്ളിക്കാനാകുന്ന സാഹചര്യമല്ലെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുള്ള വിലക്ക് തുടരുമെന്നും കളക്ടർ അനുപമ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനെതിരെയാണ് ഒരു വിഭാഗം ആനപ്രേമികളുടെ പ്രതിഷേധം.

വിലക്ക് നീക്കിയില്ലെങ്കിൽ പൂരത്തിൽ നിന്ന് മുഴുവൻ ആനകളെയും പിൻവലിക്കുമെന്ന് ആനയുടമകൾ നിലപാട് എടുത്തിരിക്കുകയാണ്. നിയമവശങ്ങൾ പരിശോധിച്ച് ഉടൻ നടപടിയെടുക്കുമെന്നാണ് മന്ത്രി വി.എസ്. സുനിൽകുമാർ വ്യക്തമാക്കിയത്.