കൊടുങ്ങല്ലൂർ: നഗരസഭാ പ്രദേശത്തെ ബൂത്തുകളിൽ നിന്നും യു.ഡി.എഫ് അനുഭാവികളുടെ വോട്ടുകൾ മാത്രം വെട്ടിക്കളഞ്ഞതിന് പിന്നിൽ സി.പി.എമ്മിന്റെ ആജ്ഞാനുവർത്തികളായ ബി.എൽ.ഒമാരാണെന്നും അവർക്കെതിരെ കേസെടുക്കണമെന്നും യു.ഡി.എഫ് കൊടുങ്ങല്ലൂർ മണ്ഡലം നേതൃയോഗം അധികൃതരോട് ആവശ്യപ്പെട്ടു.
പുല്ലൂറ്റ്, ലോകമലേശ്വരം വില്ലേജുകളിലെ ബി എൽ.ഒമാർ സി.പി.എമ്മിന്റെ സർവീസ് സംഘടനാ പ്രവർത്തകരാണ്. ആശാ വർക്കർമാരും ഇതേ ഗണത്തിൽപ്പെട്ടവരാണ്. നാലു മാസം മുമ്പ് വരെ വോട്ടർ പട്ടികയിൽ പേരുള്ളവരെയാണ് യാതൊരു ചോദ്യവും ഇല്ലാതെ വെട്ടിക്കളഞ്ഞത്. ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ ധാർഷ്ട്യത്തോടെയുള്ള മറുപടിയാണ് ഇവരിൽ നിന്ന് ലഭിച്ചത്. ഇത്തരം ബി.എൽ.ഒമാർക്കെതിരെ നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ മഹാപ്രളയത്തിൽ വീടുകൾ നശിച്ചവർക്കുള്ള സഹായം വിതരണത്തിലും ബി.എൽ.ഒമാർ പക്ഷപാതപരമായി പെരുമാറിയത് സംബന്ധിച്ച് അന്ന് പരാതി നൽകിയിട്ട് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും കോൺഗ്രസ് നേതാക്കളായ കെ.പി. സുനിൽ കുമാർ, ഇ.എസ്. സാബു, ഡിൽഷൻ കൊട്ടെക്കാട്ട്, റൂവിൻ വിശ്വം എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.