തൃശൂർ: ആരോഗ്യരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 20 ലക്ഷം സ്കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന ബൃഹദ്പദ്ധതിക്കു തുടക്കം. ഹരിതകേരളം മിഷൻ, കുടുംബശ്രീ മിഷൻ, ആരോഗ്യവകുപ്പ്, കില, ശുചിത്വമിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ മധ്യവേനൽ അവധിക്കാലത്ത് ദ്വിദിന ക്യാമ്പ് 'പെൻസിൽ' സംഘടിപ്പിച്ചാണ് ഈ ലക്ഷ്യം കൈവരിക്കുന്നത്.
ക്യാമ്പിന്റെ മുന്നോടിയായുള്ള ജില്ലാതല റിസോഴ്‌സ് പേഴ്‌സൺമാരുടെ ദ്വിദിന പരിശീലന പരിപാടി കിലയിൽ തുടങ്ങി. ഓരോ പഞ്ചായത്തിൽ നിന്നും രണ്ടുവീതം കുടുംബശ്രീ പ്രവർത്തകരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.

കഴിഞ്ഞ വർഷത്തെ അവധിക്കാലത്ത് നടത്തിയ ജാഗ്രതോത്സവത്തിന്റെ തുടർച്ചയായാണ് 'പെൻസിൽ' ക്യാമ്പ് വിഭാവനം ചെയ്തിട്ടുള്ളത്. മാലിന്യത്തിന്റെ അളവു കുറയ്ക്കാനും പരിസ്ഥിതി സൗഹൃദവസ്തുക്കൾ കൂടുതലായി ഉപയോഗിക്കുന്ന ശീലം വളർത്തിയെടുക്കുകയാണ് പെൻസിൽ ക്യാമ്പിന്റെ ലക്ഷ്യം.
മാലിന്യം തരം തിരിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും കുട്ടികളുടെ അനുഭവമാക്കി മാറ്റുക, പാഴ്‌വസ്തുക്കൾ മാലിന്യമായി മാറ്റുന്ന സാഹചര്യം സംബന്ധിച്ച് അവബോധമുണ്ടാക്കുക, മാലിന്യങ്ങളുടെ അളവു കുറയ്ക്കുക, പുനരുപയോഗ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുക, മാലിന്യവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളെയും അവയ്ക്കു ലഭിക്കാവുന്ന ശിക്ഷയെയും കുറിച്ച് കുട്ടികളിൽ ധാരണ വളർത്തുക, നിയമലംഘനത്തിനെതിരെ പ്രതിരോധിക്കാനുള്ള ശേഷി വളർത്തുക, പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുന്ന ശീലമുണ്ടാക്കുക തുടങ്ങിയവയാണ് ക്യാമ്പിന്റെ മറ്റു ലക്ഷ്യങ്ങൾ. ഒരു വാർഡിൽ നിന്ന് 7,8,9 ക്ലാസ്സുകളിൽ പഠിക്കുന്ന 50 വീതം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുക.

ജനകീയാസൂത്രണം ജില്ലാ കോ- ഓർഡിനേറ്റർ വി.വി. സുധാകരൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷൻ ജില്ലാ കോ - ഓർഡിനേറ്റർ പി.എസ്. ജയകുമാർ, കുടുംബശ്രീ ജില്ല പ്രോഗ്രാം ഓഫീസർ ശബ്ന ആസ്മി എന്നിവർ സംസാരിച്ചു. പി.ആർ. രവിഷ്, അനില, മഞ്ചു ഉണ്ണിക്കൃഷ്ണൻ, പ്രിയ ചന്ദ്രൻ, എൽസ ജോർജ് എന്നിവർ ക്ലാസ്സെടുത്തു. മേയ് അഞ്ച് മുതൽ 15 വരെയാണ് വാർഡുതല ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലയിൽ മാത്രം ഒരു ലക്ഷം വിദ്യാർത്ഥികളെ ഇതിനായി സജ്ജരാക്കുമെന്നു സംഘാടകർ അറിയിച്ചു.