തൃശൂർ: ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് ഏപ്രിൽ 30 ഓടെ ചുഴലിക്കാറ്റായി മാറി തമിഴ്‌നാട് തീരത്ത് വീശാനുള്ള സാദ്ധ്യത കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ച സാഹചര്യത്തിൽ, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഏപ്രിൽ 29 മുതൽ മേയ് ഒന്ന് വരെ കേരളത്തിൽ പലയിടത്തും ശക്തമായ മഴയും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റും വീശും.
ചുഴലിക്കാറ്റിന്റെ സാദ്ധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമദ്ധ്യരേഖ പ്രദേശത്തും, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് തീരത്തും മീൻ പിടിക്കാൻ പോകരുത്. ഇന്നും നാളെയും (ഏപ്രിൽ 28, 29) കേരളത്തിലും കടൽ പ്രക്ഷുബ്ധമാകും. കനത്ത മഴ കണക്കിലെടുത്ത് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാനിർദേശം പുറത്തിറക്കി.
എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉരുൾപൊട്ടൽ സാദ്ധ്യതയുള്ളതിനാൽ, രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം. മലയോര മേഖലയിലെ ചെറിയ ചാലുകളുടെ സമീപം വാഹനങ്ങൾ നിറുത്തിയിടരുത്. മലയോര പ്രദേശം, കടൽത്തീരം എന്നിവിടങ്ങളിലേക്ക് വിനോദ സഞ്ചാരം പാടില്ല.
നദികളും, ചാലുകളും മുറിച്ച് കടക്കരുത്. പാലങ്ങളിലും, നദിക്കരയിലുമുള്ള സെൽഫി ഒഴിവാക്കുക. നദികൾ, പുഴകൾ, തോടുകൾ, വെള്ളക്കെട്ടുകൾ എന്നിവയിലുള്ള കുളിയും, തുണികഴുകലും, വിനോദവും ഒഴിവാക്കണം. നദിക്കരയോട് ചേർന്ന് കഴിയുന്നവരും, മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും എമർജൻസി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കണം. പ്രധാന രേഖകൾ, സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ, വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ എന്നിവ വെള്ളം കയറാത്തതും, എളുപ്പം എടുക്കാൻ പറ്റുന്നതുമായ സ്ഥലത്ത് സൂക്ഷിക്കണം.
കൃത്യമായ അറിയിപ്പുകൾക്കായി മുഖ്യമന്ത്രിയുടെയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ് ബുക്ക് പേജുകളും ശ്രദ്ധിക്കുക. സമൂഹ മാദ്ധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. ആവശ്യമെങ്കിൽ ജില്ലാ എമർജൻസി ഓപ്പറേഷൻസ് നമ്പറായ 1077നുമായി ബന്ധപ്പെടണം. പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പർ കൈയ്യിൽ കരുതണം. വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമുള്ളവരോ, കുട്ടികളോ ഉണ്ടെങ്കിൽ അവർക്ക് പ്രത്യേക ശ്രദ്ധ നൽകണം. വെള്ളപ്പൊക്കം ഉണ്ടായാൽ അവരെ ആദ്യം മാറ്റുക. പ്രത്യേക സഹായം ആവശ്യമെങ്കിൽ, ഇവരെ സംബന്ധിച്ച വിവരം സാമൂഹ്യനീതി വകുപ്പിനെ അറിയിക്കേണ്ടതാണ്. വളർത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിന് പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ച് വിടുകയോ ചെയ്യണം.
മീൻപിടുത്ത തൊഴിലാളികൾ
കടലിൽ പോകരുത്
ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയുള്ളതിനാൽ, മീൻപിടുത്ത തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആഴക്കടലിൽ മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളികൾ ഇന്ന് (ഏപ്രിൽ 28) തീരത്തണയേണ്ടതാണ്. കേരള തീരത്ത് ഇന്നും നാളെയും (ഏപ്രിൽ 28, 29) മണിക്കൂറിൽ 30 മുതൽ 60 കിലോമീറ്റർ വേഗത്തിൽ കനത്ത കാറ്റിനും മേയ് 1 വരെ കനത്ത മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.