തൃശൂർ: പൂരങ്ങളുടെ പൂരത്തിന് വേദിയാകാൻ വെറും രണ്ടാഴ്ച ബാക്കിനിൽക്കേ, തൃശൂർ നഗരത്തിലെ ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വെട്ടിപ്പൊളിച്ച പ്രധാന റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. പാതയോരങ്ങളിൽ മാലിന്യം ചാറ്റൽ മഴയിൽ ചീഞ്ഞളിഞ്ഞ നിലയിലാണ്. പ്ളാസ്റ്റിക് മാലിന്യം കത്തിക്കുമ്പോഴുള്ള പുകയും നഗരവാസികൾക്ക് മാരകരോഗങ്ങൾക്ക് വഴിയൊരുക്കുന്നു. അവധിക്കാലമായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായതും പൊടിശല്യവും കാരണം നഗരത്തിലെത്തുന്നവർ നട്ടം തിരിയുകയാണ്.

കുടിവെള്ള പൈപ്പിടുന്നതിന്റെ ഭാഗമായി തൃശൂർ ഹൈറോഡും പള്ളിക്കുളം റോഡും വെട്ടിപ്പൊളിച്ച് രണ്ട് മാസത്തിലേറെയായി. പൈപ്പിടൽ പൂർത്തിയായിട്ടും റോഡുകൾ പഴയപടി തന്നെ. അഞ്ചുവിളക്ക്, അരിയങ്ങാടി എന്നിവിടങ്ങളിൽ സ്ഥിരമായി റോഡ് വെട്ടിപ്പൊളിക്കലാണ്. കുടിവെള്ള പൈപ്പിടൽ കഴിഞ്ഞ് റോഡ് മൂടിയപ്പോൾ കേബിളുകൾ ഇടാൻ വീണ്ടും വെട്ടിപ്പൊളിച്ചു. പൈപ്പിടൽ പൂർത്തിയായ കിഴക്കുംപാട്ടുകര അരമന റോഡ്, മുണ്ടുപാലം റോഡ് എന്നിവിടങ്ങളിൽ ഇതുവരെ സഞ്ചാരയോഗ്യമല്ല. നിർമ്മാണം പൂർത്തിയായിട്ടും തൃശൂർ മച്ചിങ്ങൽ ലൈൻ റോഡും ഇതുവരെയും തുറന്നു കൊടുത്തിട്ടില്ല. തൃശൂർ കോർപറേഷനു മുന്നിലെ സബ്‌വേ നിർമ്മാണം മൂലം ഇവിടെയും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പൂരത്തിന് മുമ്പേ സബ്‌വേ തുറന്നുകൊടുക്കുമെന്ന് നേരത്തെ പറഞ്ഞെങ്കിലും നിർമ്മാണം പൂർത്തിയാക്കാനാകാത്ത സ്ഥിതിയാണ്.


മാലിന്യം റെയിൽവേ സ്റ്റേഷൻ മുതൽ

റാങ്കിൽ എ വൺ പദവിയും മെട്രോ സ്റ്റേഷനെ അനുസ്മരിപ്പിക്കുന്ന ആകർഷകമായ സൗകര്യങ്ങളും ഉണ്ടെങ്കിലും തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരം മാലിന്യം നിറഞ്ഞനിലയിലാണ്. ഭക്ഷണശാലയ്ക്ക് മുന്നിൽ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ കെട്ടിക്കിടക്കുന്നു. ദുർഗന്ധവുമുണ്ട്. ദിവാൻജിമൂലയിൽ നിന്നും പ്രധാന കവാടത്തിലേക്കിറങ്ങുമ്പോൾ ചെടികളും രണ്ടാം പ്രവേശന കവാടത്തോട് ചേർന്ന് പൂന്തോട്ടവും വിശ്രമ സൗകര്യവും നടപ്പാതകളടക്കം ഒരുക്കിയെങ്കിലും മാലിന്യപ്രശ്നം മാത്രം പരിഹരിച്ചില്ല. കാനകളിലെ തകരാർ മൂലം വെള്ളം ഒഴുകി പോകുന്നില്ല. നഗരത്തിലെ മറ്റ് മാലിന്യങ്ങളെടുക്കുന്ന കോർപറേഷൻ കുടുംബശ്രീ വിഭാഗം റെയിൽവേ പരിസരത്തെ മാലിന്യം നീക്കുന്നില്ലെന്നാണ് പരാതി. രണ്ടാം കവാടത്തിന് മുന്നിലുളള സ്വകാര്യവ്യക്തിയുടെ സ്ഥലത്തും മാലിന്യങ്ങൾ തളളുകയാണ്. അവിടെ മാലിന്യം കത്തിക്കുന്നതും സ്ഥിരം കാഴ്ച. കഴിഞ്ഞദിവസം പള്ളിക്കുളത്തെ മാലിന്യശേഖരണ കേന്ദ്രത്തിൽ വൻതീപ്പിടിത്തമുണ്ടായിരുന്നു.

വോട്ടെടുപ്പ് കഴിഞ്ഞിട്ട് ഒരാഴ്ചയാകുമ്പോഴും പ്രചാരണസാമഗ്രികളും പൂർണ്ണമായി മാറ്റിക്കഴിഞ്ഞില്ല. പലയിടത്തും കടലാസുകളും മറ്റും കൂട്ടിയിട്ട നിലയിലാണ്.

ഹൈറോഡ് ഒഴികെയുളള റോഡുകൾ ശരിയാക്കും: മേയർ

''കുടിവെളള പൈപ്പിട്ട് വെള്ളം വിടുന്നതുവരെ വെട്ടിപ്പൊളിച്ച ഹൈറോഡ് ശരിയാക്കാനാവില്ലെങ്കിലും മറ്റെല്ലാം റോഡുകളിലും പൂരത്തിന് മുൻപേ അറ്റകുറ്റപ്പണി പൂർത്തിയാക്കും. ആവശ്യമില്ലാത്ത മണ്ണ് നീക്കം ചെയ്ത് മെറ്റൽ നിറച്ച് റോഡുകൾ ബലപ്പെടുത്തും. മാലിന്യം ശേഖരിക്കാൻ ശക്തൻ സ്റ്റാൻഡ്, കോലോത്തുംപാടം എന്നിവിടങ്ങളിൽ താൽക്കാലിക ഷെഡുകൾ നിർമ്മിക്കും. ''

- മേയർ അജിത വിജയൻ