prasad
പ്രസാദ് എന്ന ശംഭു

തൃശൂർ: കഞ്ചാവ് വില്പന സംഘങ്ങളുടെ കുടിപ്പകയിൽ മുണ്ടൂരിൽ രണ്ട് യുവാക്കളെ വാഹനം ഇടിച്ച്,​ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജിനോയുടെ വീട്ടിലേക്ക് പന്നിപ്പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മുണ്ടൂർ സൽസബീൽ സ്‌കൂളിന് സമീപം താമസിക്കുന്ന പ്രസാദ് എന്ന ശംഭുവിനെ (22) പേരാമംഗലം എസ്.ഐ. എ.എ. അഷറഫാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കൈവശം വച്ചതിന് എക്‌സൈസ് അറസ്റ്റ് ചെയ്ത പ്രസാദിന്റെ അമ്മ പ്രസീത ജയിലിലാണ്. തന്റെ അമ്മയെ എക്‌സൈസിന് ഒറ്റിക്കൊടുത്തുവെന്ന വൈരാഗ്യത്തിൽ ജിനോയുടെ അമ്മയെ കൊല്ലുമെന്ന് പ്രസാദ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു.

ഇതിന് ശേഷം കൂട്ടുകാരുമൊത്ത് ബൈക്കിൽ വീട്ടിലെത്തി പടക്കം എറിയുകയായിരുന്നു. ഇതറിഞ്ഞാണ് ജിനോയും സഹോദരൻ മിജോയും ചേർന്ന് ഡ്യൂക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രസാദ് ഉൾപ്പെടുന്ന നാലംഗ സംഘത്തെ പിക്കപ്പ് വാനിൽ പിന്തുർന്ന് ഇടിച്ചുവീഴ്ത്തിയത്. പ്രസാദും രാജേഷും ഒരു ബൈക്കിലും കൊല്ലപ്പെട്ട ശ്യാമും ക്രിസ്‌റ്റോയും മറ്റൊരു ബൈക്കിലുമായിരുന്നു സഞ്ചരിച്ചത്. കൊല നടന്നതിന്റെ അടുത്ത ദിവസം പ്രസാദ് തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് വിടുതൽ വാങ്ങി വീട്ടിലെത്തി. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ രാജേഷ് അപകട നില തരണം ചെയ്തു.

മൂന്ന് പേർ കൂടി കസ്റ്റഡിയിൽ

മുണ്ടൂർ കൊലക്കേസിൽ മൂന്നു പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള അഭിലാഷ്, കൊലപാതകത്തിന് ശേഷം പ്രതികൾക്ക് രക്ഷപ്പെടാൻ സഹായം നൽകിയ മറ്റ് രണ്ടു പേർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിൽ നേരിട്ട് ബന്ധമുള്ള ഒരാളെക്കൂടി കിട്ടാനുണ്ട്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.