ഒല്ലൂർ: ഒല്ലൂരിലെ ജനങ്ങൾക്ക് ഭീഷണിയായി മഞ്ഞപ്പിത്തബാധയേറ്റത് വിവാഹസത്കരത്തിന് മുൻപ് നടന്ന ശീതളപാനീയത്തിൽ നിന്നാണെന്നു സൂചന. ഒല്ലൂർ സെന്ററിലെ ഹാളിൽ നടന്ന വിവാഹ സദ്യയിൽ പങ്കെടുത്തവർക്ക് സദ്യക്ക് മുൻപ് നൽകിയ ശീതള പാനീയത്തിലെ ഐസ് കട്ടകളാണ് മഞ്ഞപ്പിത്തത്തിന് കാരണമായത്.
കഴിഞ്ഞ 23ന് നടന്ന സദ്യയിൽ വധുവിന്റെ വീടായ പട്ടാണിത്തോപ്പ് മേഖലയിൽ നിന്നും വരന്റെ ഗൃഹമായ മാടക്കത്തറ മേഖലയിൽ നിന്നുമായി നിരവധി പേർ പങ്കെടുത്തിരുന്നു. ഇരുബന്ധുക്കളും വരന്റെ ഗൃഹത്തിലും വധൂഗൃഹത്തിലും സന്ദർശനം നടത്തിയതിനാൽ അസുഖത്തിന്റെ കാരണം എന്താണെന്നു മനസ്സിലായിരുന്നില്ല. ഇരുവീടുകളിലെയും കിണർ വെള്ളം പരിശോധിച്ചെങ്കിലും ഇതിലും അപാകത കണ്ടെത്തിയില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശീതള പാനീയത്തിലെ നിലവാരം കുറഞ്ഞ ഐസ് കട്ടകളായിരിക്കാം അസുഖത്തിന് കാരണമെന്ന സൂചന ലഭിച്ചത്.