വെള്ളമില്ലാത്ത അംഗൻവാടിയും ഏഴുവർഷമായി ഉപകാരപ്പെടാത്ത വാട്ടർ ടാപ്പും.
ചാവക്കാട്: വർഷം ഏഴായി ഈ അംഗൻവാടിക്കു മുന്നിൽ സ്ഥാപിച്ച വാട്ടർ ടാപ്പ് നോക്കുകുത്തിയാവാൻ തുടങ്ങിയിട്ട്. ഇതുവരെ ഈ ടാപ്പിൽ നിന്നും ഒരു തുള്ളി വെള്ളം പോലും ലഭിച്ചിട്ടില്ല. വാട്ടർ ടാപ്പ് സ്ഥാപിച്ചതു മുതൽ ഇതുവരെ എല്ലാ മാസവും 202 രൂപ വീതം വാട്ടർ അതോറിറ്റിയിലേക്ക് കടപ്പുറം പഞ്ചായത്ത് അടക്കാറുണ്ട്. വെള്ളം ലഭിക്കാത്തതിനാൽ മറ്റു തുകകളൊന്നും വേണ്ടി വരാറില്ല. കടപ്പുറം പഞ്ചായത്തിലെ മൂന്നാം വാർഡ് ബ്ലാങ്ങാട് വൈലിത്താഴം 25 ാം നമ്പർ അംഗൻവാടിയിലാണ് വെള്ളത്തിനുപകരിക്കാതുള്ള ഈ വാട്ടർ ടാപ്പുള്ളത്.
അംഗൻവാടിയിൽ 12 കുട്ടികളാണുള്ളത്. കുട്ടികൾക്ക് കുടിക്കാനും, ഭക്ഷണം പാകം ചെയ്യാനും, പാത്രങ്ങൾ കഴുകാനും എല്ലാം വെള്ളം പുറമേ നിന്നും കൊണ്ടുവരണം. അംഗൻവാടി അദ്ധ്യാപികയും, സഹായിയും തൊട്ടടുത്ത വീടുകളിൽ നിന്നും വെള്ളം കൊണ്ടുവന്നാണ് ഇതിനു പരിഹാരം കാണുന്നത്. നിരവധി തവണ വാട്ടർ അതോറിറ്റി അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ പരിഹാരം ഒന്നും ഉണ്ടായില്ലെന്ന് അദ്ധ്യാപിക പറയുന്നു.
അതേസമയം പൈപ്പിന്റെ ദൂരക്കൂടുതൽ കാരണമാണ് വെള്ളം ലഭിക്കാത്തതെന്നും പറയുന്നുണ്ട്. വെള്ളത്തിന്റെ ശക്തി കൂട്ടിയാൽ മാത്രമാണ് ഈ പ്രശ്‌നം പരിഹരിക്കാനാകൂ. തങ്ങളുടെ ദുരിതം മനസിലാക്കി ഇനിയെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ഇവരുടെ അപേക്ഷ.