fooodd
തട്ടുകടകളിൽ പരിശോധന നടത്തുന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ

തൃശൂർ നഗരത്തിലെ തട്ടുകടകളിലും പാനിപൂരി വിൽപ്പന കേന്ദ്രങ്ങളിലും പഴകിയതും വൃത്തിഹീനവുമായ ഭക്ഷണം വിൽക്കുന്നുവെന്ന പരാതിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് രാത്രികാല പരിശോധന ആരംഭിച്ചു. ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാതെയും പഴകിയതുമായ ഭക്ഷണം നൽകുന്ന ഉത്തരേന്ത്യൻ സംസ്ഥാനക്കാരുടെ 12 പാനിപൂരി തട്ടുകട ഉടമകൾക്ക് നോട്ടീസ് നൽകി. പാനി പൂരി കഴിക്കുന്നവരിൽ ഭക്ഷ്യവിഷബാധയേൽക്കുന്ന പരാതി വർദ്ധിച്ചിട്ടുണ്ടെന്ന് ഫുഡ് സേഫ്‌റ്റി ഓഫീസർ വി.കെ. പ്രദീപ് കുമാർ പറഞ്ഞു.
നഗരത്തിൽ അടുത്തകാലത്തായി പാനി പൂരി വിൽപ്പന കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. അതേസമയം ഇവരിൽ ഭൂരിഭാഗവും ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. തട്ടുകടകളുടെ ഗണത്തിലാണ് പാനിപൂരി വിൽപ്പന കേന്ദ്രങ്ങളും ഉൾപ്പെടുന്നത്. പാനിപൂരി ഉണ്ടാക്കുന്ന ഉടമകളുടെ വീടുകളിലും അടുത്ത ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ഫുഡ് സേഫ്‌റ്റി അസി. കമ്മിഷണർ എ. ജയശ്രീ പറഞ്ഞു. പരിശോധനയിൽ ഫുഡ് സേഫ്‌റ്റി ഓഫീസറായ കെ.കെ. അനിലനും ഉണ്ടായിരുന്നു.

 പരിശോധനയിൽ കണ്ടത്.
പാനി പൂരി ഉത്പന്നങ്ങൾ മാസങ്ങൾക്ക് മുമ്പ് പാകം ചെയ്ത് ടിന്നുകളിൽ അടച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ചില സാഹചര്യത്തിൽ പഴകിയത് വീണ്ടും ചൂടാക്കി നൽകുന്നു. ഉത്പന്നങ്ങൾ സൂക്ഷിക്കുന്ന ടിന്നുകളും ബോക്‌സുകളും മാസങ്ങളായി തുടക്കാതെയും കഴുകാതെയും ഉപയോഗിക്കുന്നു. പാനിപൂരിയിൽ ചേർക്കുന്ന ലായനികളിൽ കൃത്രിമ നിറം ചേർക്കുന്നു. വൃത്തിഹീനമായ രീതിയിലാണ് വിഭവങ്ങൾ പാകം ചെയ്യുന്നത്. ഭക്ഷ്യസാധനങ്ങൾ പൊടിയും കാറ്റുമേൽക്കാതെ സൂക്ഷിക്കാൻ മതിയായ സംവിധാനങ്ങളില്ല. ഭക്ഷ്യവസ്തുക്കൾ മൂടിവയ്ക്കുന്നില്ല.