ചാലക്കുടി; വാട്ടർ അതോറിറ്റിയുടെ കൂടപ്പുഴയിലെ പമ്പിംഗ് പ്ലാന്റിലേക്ക് പവർ ഹൗസിൽ നിന്നും ഭൂഗർഭ കേബിൾ വഴി വൈദ്യുതി എത്തിക്കുന്ന ഹോട്ട് ലൈൻ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. 40 ലക്ഷം രൂപയാണ് ഇതിനായി ലഭിച്ചത്. ഇതുപ്രകാരം വാട്ടർ അതോറിറ്റി തയ്യാറാക്കി നൽകിയ എസ്റ്റിമേറ്റ് വൈദ്യുതി ബോർഡും അംഗീകരിച്ചു. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ഹോട്ട് ലൈനിന്റെ നിർമ്മാണ പ്രവർത്തനം തുടങ്ങുമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. ഹോട്ട് ലൈൻ സമ്പ്രദായം പ്രാവർത്തികമായാൽ വൈദ്യുതി തടസം മൂലം പമ്പിംഗും ജലശുദ്ധീകരണവും മുടങ്ങില്ല. പരിയാരം ഫീഡറിൽ നിന്നുമുള്ള വൈദ്യുതിയാണ് ഇപ്പോൾ കൂടപ്പുഴ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ എത്തുന്നത്. മരങ്ങൾ കൂടിയ ഫീഡറായതിനാൽ അടിക്കടി വൈദുതി തടസം ഇവിടെ നിത്യ സംഭവമാണ്. ഇതേത്തുടർന്ന് പലപ്പോഴും കുടിവെള്ള വിതരണവും തടസമാകുന്നുണ്ട്. ആറ് മാസത്തിനകം ഹോട്ട്‌ലൈൻ പ്രാബല്യത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നു.