വെള്ളാങ്ങല്ലൂർ: ഹെൽത്ത് കേരള പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ആരോഗ്യവിഭാഗം വ്യാപക പരിശോധന നടത്തി. കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളുടെ വിൽപ്പന, വൃത്തിഹീനവും പൊതുജനാരോഗ്യത്തിന് ഹാനികരമായ വിധത്തിലുള്ള പ്രവൃത്തികൾ, കൃത്യമായ മാലിന്യസംസ്‌കരണ സംവിധാനങ്ങൾ ഇല്ലാതെ പ്രവർത്തിക്കൽ തുടങ്ങിയവ കണ്ടെത്തി.
വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ കരൂപ്പടന്ന, കടലായി, മുസാഫരിക്കുന്ന്, കോണത്ത്കുന്ന് എന്നീ പ്രദേശങ്ങളിലെ ഹോട്ടൽ, ബേക്കറി, സൂപ്പർമാർക്കറ്റ് ഐസ്‌ക്രീം നിർമ്മാണ യൂണിറ്റ്, പത്തിരി, പാലപ്പം നിർമ്മാണ യൂണിറ്റുകൾ, മത്സ്യ മാംസ വിപണന കേന്ദ്രങ്ങൾ എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങൾ വില്പന നടത്തിയ സ്ഥാപനങ്ങളിൽ നിന്നും അവ പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു.
18 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 9,000 രൂപ പിഴ ഈടാക്കി. ഹെൽത്ത് ഓഫിസർ(റൂറൽ) വി.ജെ. ബെന്നിയുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ എ. അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്. ശരത്കുമാർ, പി. എൽദോ, ഹോർമിസ്, കെ.എസ്. ഷിഹാബുദ്ദീൻ എന്നിവരാണ് പരിശോധനകൾ നടത്തിയത്. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സംഘം അറിയിച്ചു.