തൃശൂർ: തിരുവമ്പാടി വിഭാഗം പൂരത്തിന് എഴുന്നെള്ളിക്കുന്നത് ഇനി സ്വർണക്കോലം. തങ്കത്തകിടുകൾ ഉപയോഗിച്ചാണ് തൃശൂർ പൂരത്തിന് എഴുന്നെള്ളിക്കുന്ന സ്വർണക്കോലത്തിന് പുത്തൻ പ്രൗഢിയേകിയത്. സ്വർണ്ണം പൊതിഞ്ഞ കോലം ഒരു ഭക്തയാണ് ക്ഷേത്രത്തിന് സമർപ്പിച്ചത്. തിരുവമ്പാടിയിലെ സ്വർണക്കൊടിമരം സ്വർണം പൊതിയുന്ന ജോലി നിർവഹിച്ച പഴനിയിലെ അമീർജാന്റെ മകൻ താജുദ്ദീനാണ് കോലത്തിന്റെ പണി നിർവ്വഹിച്ചത്. കിഴക്കൂട്ട് അനിയൻമാരാരുടെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ ഉഷ:ശീവേലി എഴുന്നെള്ളിപ്പും നടന്നു. തിരുവമ്പാടി ചന്ദ്രശേഖരൻ സ്വർണ്ണക്കോലമേറ്റി. നിരവധി ഭക്തരാണ് സമർപ്പണ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. കോങ്ങാട് മധുവും ചെർപ്പളശ്ശേരി ശിവനും നയിച്ച പഞ്ചവാദ്യവും അരങ്ങേറി.