അരിമ്പൂർ: കുന്നത്തങ്ങാടിയിൽ നിന്നും ചീട്ടുകളി സംഘത്തെ ലക്ഷത്തിൽ പരം രൂപയുമായി അന്തിക്കാട് പൊലീസ് അറസ്റ്റു ചെയ്തു. കോടന്നൂർ എലുവത്തിങ്കൽ സണ്ണിയുടെ നേതൃത്വത്തിൽ പണം വച്ച് ചീട്ടു കളിച്ചു കൊണ്ടിരിക്കുന്ന പതിനഞ്ച് അംഗ സംഘത്തെയാണ് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്തിക്കാട് സി.ഐ. മുഹമ്മദ് ഹനീഫും സംഘവും അറസ്റ്റ് ചെയ്തത്.
കുന്നത്തങ്ങാടി സെന്ററിൽ നിന്നും ഒരു കിലോമീറ്റർ മാറി സ്വകാര്യ വ്യക്തിയുടെ മോട്ടോർ പുരയോട് ചേർന്ന് ചീട്ടുകളിക്കിടെയാണ് അറസ്റ്റ്. പതിനഞ്ച് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. രാത്രി 11 മണി മുതൽ പുലർച്ചെ നാല് വരെ ശനിയാഴ്ചകളിൽ മാത്രമാണ് സംഘം കളിക്കാനെത്തുന്നത്. പിടികൂടിയ സംഘത്തിൽ നിന്ന് ഒരു ലക്ഷത്തിൽ പരം രൂപയാണ് പൊലീസിന് ലഭിച്ചത്. വളരെ ആസൂത്രിതമായാണ് സംഘം നീങ്ങിയിരുന്നത്. കളിയിൽ ബാക്കി വരുന്ന സംഖ്യ കടം പറഞ്ഞ ശേഷം അടുത്ത ദിവസം ബാങ്കിൽ നിന്നും എടുത്തു നൽകുന്നതാണ് ഇവരുടെ രീതി.
അതിനാൽ തന്നെ ഇതിന് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതായും സൂചനയുണ്ട്. പുലർച്ചെ നാലിന് അന്തിക്കാട് സി.ഐ മുഹമ്മദ് ഹനീഫിന്റെ നേതൃത്വത്തിലായിരുന്നു സ്ഥലത്തെത്തി സംഘത്തെ വളഞ്ഞ് പിടികൂടിയത്. എ.എസ്.ഐ: ഷാജു, എസ്.പി.ഒ: സുമൽ, സി.പി.ഒമാരായ ഷറഫുദ്ദീൻ, സോണി, ഷിഹാബ്, സുജേഷ്, വികാസ്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ റഷീദ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.